ഡി.എം.ഒ നിലപാട് അന്വേഷണം അട്ടിമറിക്കാനെന്ന് ആരോപണം
കണ്ണൂർ: കണ്ണൂരിലെ സ്വകാര്യ ഇ.എൻ.ടി ക്ലിനിക്കിൽ തൊണ്ടയിലെ ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം നാൾ കണ്ണാടിപ്പറമ്പിലെ അനിമയുടെ മകൻ സൂര്യജിത്ത് (17) രക്തം വാർന്ന് മരിച്ച സംഭവത്തിൽ വീഴ്ച വരുത്തിയ ഡോക്ടറെ രക്ഷിക്കാൻ നീക്കമെന്ന ആരോപണവുമായി കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മനുഷ്യാവകാശ കമ്മിഷന് ജില്ലാ മെഡിക്കൽ ഓഫീസ് നൽകിയ റിപ്പോർട്ടിൽ കണ്ടെത്തിയ ഡോക്ടറുടെ വീഴ്ചയെ പിന്നാലെ നിയോഗിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ട് നിരാകരിക്കുന്നത് ഉന്നതതല ഇടപെടലിനെ തുടർന്നെന്നാണ് കുടുംബത്തിന്റെ പരാതി. അന്വേഷണമാവശ്യപ്പെട്ട് ഡി.ജി.പിക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജൂലായ് 23നാണ് സൂര്യജിത്തിന്റെ മരണം.ജൂലായ് 17ന് ഉച്ചക്ക് രണ്ടിന് ശസ്ത്രക്രിയയ്ക്കുശേഷം ഡിസ്ചാർജ് ചെയ്ത കുട്ടിക്ക് അടുത്ത ദിവസം മുതൽ രക്തസ്രാവമുണ്ടായി. ഇത് സാധാരണമാണെന്നും ഐസ് ഉപയോഗിക്കാനുമായിരുന്നു ഡോക്ടറുടെ നിർദ്ദേശം. എന്നാൽ ജൂലായ് 22ന് അർദ്ധരാത്രിയോടെ രക്തസ്രാവം കടുത്തതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത രക്തസ്രാവമുണ്ടായിട്ടും രാത്രി 2.25 മുതൽ രാവിലെ 8 വരെ ചികിത്സ ലഭിക്കാതെ കുട്ടി അബോധാവസ്ഥയിലായി. ശേഷം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
ശസ്ത്രക്രിയയ്ക്കിടെയുണ്ടായ വീഴ്ച മരണകാരണമായെന്നായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. രക്തംചർദ്ദിച്ചതിന് പിന്നാലെ ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രവേശിപ്പിക്കപ്പെട്ട സ്വകാര്യാശുപത്രിയിൽ കുട്ടിയെ പരിശോധിച്ചില്ലെന്നും നഴ്സിംഗ് പരിചരണം നൽകിയില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഡി.എം.ഒ മനുഷ്യാവകാശകമ്മിഷന് നൽകിയ ആദ്യ റിപ്പോർട്ടിൽ ഇക്കാര്യമെല്ലാം പറയുന്നുണ്ട്. എന്നാൽ പിന്നീട് മെഡിക്കൽ ബോർഡ് തയ്യാറാക്കി പൊലീസിന് നൽകിയ റിപ്പോർട്ട് ഇതിന് കടകവിരുദ്ധമാണ്.
ഡി.എം.ഒ.യുടെ ഓഫീസിൽ നിന്ന് രണ്ടു തരം കണ്ടെത്തലുണ്ടായത് കുറ്റക്കാരെ സംരക്ഷിക്കാനാണ്. രക്തം ചർദിച്ച് അവശനായ കുട്ടിയെ വിദഗ്ധ ചികിത്സ ലഭ്യമാകുന്ന സ്ഥലത്തേക്ക് മാറ്റാൻ പോലും ഡോക്ടർമാർ തയ്യാറായില്ല.എന്റെ പ്രതീക്ഷയും സ്വപ്നവുമായിരുന്നു അവൻ. അവനെയാണ് നഷ്ടപ്പെട്ടത്- അനിമ (സൂര്യജിത്തിന്റെ മാതാവ്)
കുടുംബത്തിന്റെ ആരോപണങ്ങൾ
ശസ്ത്രക്രിയയ്ക്കുശേഷമുണ്ടായ രക്തസ്രാവത്തെ ഗൗരവമായി കണ്ടില്ല
അടിയന്തിര ചികിത്സ നൽകാൻ വൈകി
ഇൻപേഷ്യന്റ് സൗകര്യങ്ങളില്ലാത്ത ക്ലിനിക്കിൽ സർജറി നടത്തി
സ്വകാര്യ ആശുപത്രിയിൽ ആറു മണിക്കൂറോളം കൃത്യമായ ചികിത്സ ലഭിച്ചില്ല
നഴ്സിംഗ് രേഖകളിൽ കൃത്രിമത്വം കണ്ടെത്തി
വിദഗ്ധസമിതി റിപ്പോർട്ട് തയ്യാറാക്കിയത് ഡോക്ടറെ രക്ഷിക്കാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |