മലപ്പുറം: അപകട ഭീഷണി നേരിടുന്ന മലപ്പുറം താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം സ്വകാര്യ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റുന്നത് ഇനിയും വൈകും. പെരിന്തൽമണ്ണ റോഡിലുള്ള സ്വകാര്യ കെട്ടിടം നഗരസഭ ഏറ്റെടുത്ത് താല്ക്കാലികമായി മാറ്റനായി സമ്മതപത്രം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയിരുന്നു. തുടർന്ന്, അധികൃതർ സ്ഥലം സന്ദർശിച്ച് കെട്ടിടത്തിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് നഗരസഭയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
കെട്ടിടം ഉപയോഗിക്കുന്നതിന് മുമ്പ് അംഗീകൃത അധികാരിയിൽ നിന്ന് സ്ട്രച്റൽ സർട്ടിഫിക്കറ്റ്, ഗ്രൗണ്ട് ഫ്‌ളോറിലെ ശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കുക, ശേഷിക്കുന്ന വയറിങ് ജോലികൾ പൂർത്തിയാക്കുക, കെട്ടിടത്തിലെ ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കുക, പുരുഷവാർഡ്-സ്ത്രീ-പീഡിയാട്രിക്സ് എന്നിങ്ങനെ വേർതിരിക്കുക, ആശുപത്രി സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ വൈദ്യുതി ക്രമീകരിക്കുക, ഫയർ എൻ.ഒ.സി, ജലസംഭരണ ശേഷി ഉറപ്പാക്കുക, മലിന ജലത്തിന്റേയും മാലിന്യങ്ങളുടേയും ശരിയായ നിർമാർജനം ഉറപ്പാക്കുക, ശുചിത്വ സർട്ടിഫിക്കറ്റ്, വാഹനങ്ങളുടെ പാർക്കിങ് സൗകര്യം, നിലവിലുള്ള നെയിം ബോർഡുകൾ മാറ്റി താലൂക്ക് ആശുപത്രിയുടെ ബോർഡ് പ്രദർശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ കത്താണ് ആരോഗ്യവകുപ്പ് നഗരസഭയ്ക്ക് കൈമാറിയത്. ഇവ നടപ്പാക്കിയ ശേഷം ആരോഗ്യവകുപ്പിന് റിപ്പോർട്ട് കൈമാറുകയും തുടർന്ന്, കെട്ടിടം നഗരസഭയ്ക്ക് കൈമാറിയതിന്റെ കരാർപത്രവും നൽകം. എങ്കിൽ മാത്രമേ താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം താത്ക്കാലികമായി മാറ്റാൻ സാധിക്കൂ. നിലവിൽ 25ൽ കൂടുതൽ പേരെ ഇവിടെ അഡ്മിറ്റ് ചെയ്യാൻ സാധിക്കില്ല. പ്രസവം, സർജറി കേസുകളുമായി ബന്ധപ്പെട്ടവരെ മാത്രമാണ് അഡ്മിറ്റ് ചെയ്യുന്നത്. അഡ്മിറ്റ് ആവശ്യമായ മറ്റ് രോഗികളെ മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് പ്രധാനമായും അയക്കുന്നത്. ആശുപത്രിക്കായി പുതിയ കെട്ടിടം നിർമ്മിക്കാൻ പി.എം.ജെ.വി.കെ പദ്ധതിയിൽ ഉൾപ്പെടുത്തി 9.9 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
ഓപ്പറേഷനും അവതാളത്തിൽ
താലൂക്ക് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിൽ തീപ്പിടിത്തമുണ്ടായി മൂന്നുമാസം കഴിഞ്ഞിട്ടും നടപടികളെങ്ങുമെത്തിയിട്ടില്ല. സാങ്കേതിക കാരണങ്ങളാലാണ് നടപടികൾ നീണ്ടുപോവുകയായിരുന്നു. മാർച്ച് 21ന് എൽ.എസ്.ജി.ഡി ഇലക്ട്രിക് വിഭാഗം പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. പരിശോധനയിൽ വയറിംങ് പകുതിയിലധികവും ഉപയോഗ ശൂന്യമായിട്ടുണ്ടെന്ന് കണ്ടെത്തി. കൂടാതെ, പഴയ വയറിംഗ് പൂർണ്ണമായി മാറ്റി സ്ഥാപിച്ചാൽ മാത്രമേ ഓപ്പറേഷൻ തിയ്യേറ്ററും അനുബന്ധ പ്രവർത്തനങ്ങളും പുനരാരംഭിക്കാൻ സാധിക്കൂവെന്നും സംഘം വിലയിരുത്തിയിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |