റാന്നി : മഴ കനക്കുമ്പോൾ റാന്നി ഇട്ടിയപ്പാറ ബൈപ്പാസിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനക്കാർക്കും ദുരിതമായി. ഓടകളില്ലാത്തതാണ് പ്രധാന പ്രശ്നം. വൺവേ റോഡിൽ ബൈപ്പാസിൽ നിന്ന് ബസ് സ്റ്റാൻഡിലേക്ക് തിരിയുന്ന ഭാഗത്താണ് വെള്ളം കെട്ടിക്കിടക്കുന്നത്. കനത്ത മഴയിൽ റോഡ് പൂർണമായും വെള്ളത്തിനടിയിലാകുന്നതോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാവുകയാണ്. സംസ്ഥാനപാതയിലൂടെയും ചെട്ടിമുക്ക് വഴിയും ഇട്ടിയപ്പാറ, ചെത്തോങ്കര എന്നിവിടങ്ങളിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. വീതി കുറഞ്ഞ റോഡിൽ വെള്ളം കെട്ടിക്കിടക്കുമ്പോൾ ഗതാഗതക്കുരുക്കും അപകടസാദ്ധ്യതയും കൂടുന്നു. കാൽനടയാത്രക്കാർക്ക് ചെളിവെള്ളത്തിലൂടെ നടന്നുപോകേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനയാത്രക്കാർക്ക് വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോൾ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയും ഏറെയാണ്.
കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന മഠത്തുംചാൽ-മുക്കൂട്ടുതറ റോഡ് വികസന പദ്ധതിയിൽ ബൈപ്പാസും ഉൾപ്പെടുന്നുണ്ട്. ആദ്യഘട്ട ടാറിംഗ് പൂർത്തിയായെങ്കിലും വർഷങ്ങളോളം മുടങ്ങിയ പണി അടുത്തിടെയാണ് പുനരാരംഭിച്ചത്.
പ്രശ്നം
ഓടകൾ നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. പലരും തങ്ങളുടെ പുരയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാൻ റോഡരികുകൾ കോൺക്രീറ്റ് ചെയ്ത് ഉയർത്തിയതും വെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതിന് കാരണമായിട്ടുണ്ട്.
പരിഹാരം
റോഡ് നവീകരണത്തിൽ ഓട നിർമ്മാണം കൂടി ഉൾപ്പെടുത്തണം.അല്ലെങ്കിൽ, കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തുള്ള വലിയ തോട്ടിലേക്ക് ഒഴുക്കിവിടാൻ സംവിധാനം ഒരുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |