ആലപ്പുഴ : പഴയ സർവേ നമ്പർ ഫോണിലൂടെ പറഞ്ഞുനൽകുന്നതിന് 1000 രൂപ കൈക്കൂലി വാങ്ങിയ വനിതാ വില്ലേജ് ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് വില്ലേജ് ഓഫീസർ പി.കെ.പ്രീതയാണ് (48) അറസ്റ്റിലായത്. ജയകൃഷ്ണൻ എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്.
അഗ്രിസ്റ്റാക്ക് ഫാർമേഴ്‌സ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനായാണ് ജയകൃഷ്ണൻ പഴയ സർവേ നമ്പർ ആവശ്യപ്പെട്ട് വില്ലേജ് ഓഫീസിലേക്ക് ഫോണിൽ വിളിച്ചപ്പോൾ, തിരക്കാണെന്നും അടുത്ത ദിവസം വിളിക്കാനും പ്രീത ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരാതിക്കാരൻ അടുത്തദിവസം വിളിച്ചപ്പോൾ വാട്സാപ് നമ്പർ നൽകി. ഇതിലേക്ക് വസ്തുവിവരങ്ങൾ അയയ്ക്കാനും ഫീസ് വിവരം വാട്സാപ് വഴി പറയാമെന്നും അറിയിച്ചു. വാട്സാപ്പ് വഴി ഗൂഗിൾ പേ നമ്പർ അയച്ച ശേഷം 1000 രൂപ കൈക്കൂലിയായും ആവശ്യപ്പെട്ടു. ഇതോതോടെ വിജിലൻസിനെ വിവരം അറിയിച്ചശേഷം ഗൂഗിൾപേ വഴി പരാതിക്കാരൻ പണം അയച്ചു. തുടർന്ന് വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്ന പ്രീതയെ ഇന്നലെ ഉച്ചയോടെ പിടികൂടി. കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് നേരത്തെ തയ്യാറാക്കിയ കൈക്കൂലിക്കാരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് പ്രീത. വിജിലൻസ് ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ പ്രശാന്ത് കുമാർ, ജിംസ്റ്റൺ, അനീഷ്, ഷൈജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രീതയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |