കൊല്ലം: രണ്ട് പതിറ്റാണ്ട് മുമ്പ് വരെ കടപ്പാക്കടയിലെ ഏറ്റവും വലിയ വീടായിരുന്നു അക്ഷയ നഗറിലെ 29ാം നമ്പർ വസതി. കൊല്ലം നഗരത്തിലെ ആദ്യം ഉയർന്ന രണ്ടുനില വീടുകളിലൊന്ന്. എതാനും വർഷമായി ഈ വീട് നാട്ടുകാരിൽ വീണ്ടും കൗതുകം സൃഷ്ടിച്ച് തുടങ്ങി.
വീടിന്റെ ഭിത്തികളിൽ വിവിധ സ്ഥാപനങ്ങളുടെ ബോർഡുകൾ ഓരോന്നായി നിരന്ന് തുടങ്ങി. ഇത് വീടാണോ കൊമേഴ്സ്യൽ കെട്ടിടമാണോ എന്ന് അപരിചതർ സംശയിച്ചു. ഇന്നലെ ഈ വീടിന് മുന്നിലേക്ക് നാട്ടുകാരെല്ലാം ഓടിക്കൂടി. അവിടുത്തെ അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയതറിഞ്ഞ്.
അക്ഷയ നഗറർ 29ൽ ഗൃഹനാഥൻ അഡ്വ. പി.ശ്രീനിവാസ പിള്ള കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്നു. അദ്ദേഹത്തിന്റെ മകൻ വിഷ്ണു.എസ്.പിള്ള കുട്ടിക്കാലം മുതൽ പഠിക്കാൻ മിടുക്കൻ. പഠിച്ച് എം.ടെക് നേടിയ വിഷ്ണുവിന്റെ മനസിൽ നിറയെ സ്വപ്നങ്ങളായിരുന്നു. വലിയ സംരംഭകനാകണം, ഒരുപാട് പേർക്ക് ജോലി നൽകണം. ഇടയ്ക്ക് പ്രമുഖ ബാങ്കിൽ കിട്ടിയ പ്രൊബേഷണറി ഓഫീസർ ജോലി വിഷ്ണുവിന്റെ മനസിൽ ഒരു ഇടത്താവളം മാത്രമായിരുന്നു.
വിഷ്ണു എം.ബി.എ അടക്കം വീണ്ടും ബിരുദങ്ങളെടുത്തു. സ്വപ്നങ്ങൾ പലതും തകർന്നതോടെ വിഷ്ണുവിന്റെ മനസ് വല്ലാതെ തകർന്നു. എന്നിട്ടും അവൻ പുതിയ ബിസിനസ് ഐഡിയകൾ അച്ഛനോട് പങ്കുവച്ചു. അതിനെല്ലാം അച്ഛൻ പിന്തുണ നൽകി. അതോടെ കൺസൾട്ടൻസി സർവീസ്, വിവിധ കോച്ചിംഗ് ക്ലാസുകൾ, ട്യൂഷൻ സെന്റർ അടക്കമുള്ള സ്ഥാപനങ്ങളുടെ ബോർഡുകൾ വീടിന്റെ ഭിത്തികളിൽ നിരന്നു. പക്ഷെ ഒരു സ്ഥാപനം പോലും വിഷ്ണു ആരംഭിച്ചില്ല. ബോർഡുകൾ കണ്ട് കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും നികുതി ചുമത്താനായി ഇടയ്ക്ക് വീട്ടിലേക്കെത്തി. വീട്ടിനുള്ളിൽ കടന്ന് പരിശോധിച്ചപ്പോഴാണ് അവിടെ സ്ഥാപനങ്ങളൊന്നും പ്രവർത്തിക്കുന്നില്ലെന്ന് ബോദ്ധ്യമായതെന്ന് നാട്ടുകാർ പറയുന്നു.
വഴക്ക് പതിവ്
ശ്രീനിവാസ പിള്ളയും വിഷ്ണും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് കൊല്ലം ഈസ്റ്റ് പൊലീസ് പറഞ്ഞു. പ്രശ്നം രൂക്ഷമാകുന്നതോടെ ശ്രീനിവാസൻപിള്ള സഹായം തേടും. ആറ് മാസം മുമ്പും കൊല്ലം ഈസ്റ്റ് പൊലീസെത്തിയാണ് പ്രശ്നം പരിഹരിച്ചത്. ഇതിനിടയിൽ വീടിന്റെ മുകളിൽ നിന്ന് വീണ് വിഷ്ണുവിന് സാരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടതായി അയൽവാസികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |