പുനലൂർ: പുനലൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തലനാരിഴക്കാണ് ജീവനക്കാരി പാമ്പുകടിയേൽക്കാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ജീവനക്കാരി മുറി തുറന്നപ്പോൾ നിലത്ത് പാമ്പ് ഇഴയുന്നത് കണ്ട് ഭയന്ന് പിന്നോട്ട് മാറി. വിവരം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി.
കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ നിരവധി തവണ സ്റ്റേഷനിൽ പാമ്പിന്റെ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടോടെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനോട് ചേർന്ന് റെയിൽവേ ട്രാക്കിൽ ട്രെയിൻ കയറിയിറങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. രണ്ടുമാസം മുമ്പും റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പുലർച്ചെ സ്കൂൾ വിദ്യാർത്ഥിനിക്ക് പാമ്പുകടിയേറ്റിരുന്നു. ഒരാഴ്ച മുമ്പ് രാത്രി ഏഴരയ്ക്ക് പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് പുറപ്പെട്ട മെമുവിൽ പാമ്പ് കയറിപ്പറ്റിയിരുന്നു. പുനലൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം പാമ്പിന്റെ താവളമാണെന്നും സ്റ്റേഷനിലെ വൃത്തിഹീനമായ അന്തരീക്ഷമാണ് പാമ്പ് ശല്യം വർദ്ധിക്കാൻ കാരണമെന്നും യാത്രക്കാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |