കൊല്ലം: നഗരത്തിലെ തിരക്കേറിയ ജില്ലാ ആശുപത്രി റോഡിലെ നടപ്പാതകൾ യാത്രക്കാർക്ക് അപകടക്കെണിയാകുന്നു. ദേശീയപാതയിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്കും വിക്ടോറിയ ആശുപത്രിയിലേക്കുമെല്ലാം പ്രവേശിക്കുന്ന പ്രധാന പാതയിലാണ് തറയോടുകൾ ഇളകിക്കിടക്കുന്നത്.
രോഗികൾ ഉൾപ്പടെ നിരവധി പേർ സഞ്ചരിക്കുന്ന പാതയിലെ തറയോടാണ് ഇളകിയത്. പാതയുടെ പലഭാഗങ്ങളിലും ഓടുകൾ ഇളകിയ നിലയിലാണ്. അതിനാൽ ധൃതിയിൽ നടന്നുവരുന്നവർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. സാമനമായ സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. റോഡിൽ കുറച്ച് ഭാഗത്ത് മാത്രമാണ് അപകട ഭയമില്ലാതെ നടക്കാൻ കഴിയുക. ഈ ഭാഗത്ത് നടപ്പാതയുടെ വശങ്ങളിൽ കൈവരിയും ഇല്ല.
നടപ്പാതയുടെ പകുതിയിലേറെ ഭാഗവും കച്ചവടക്കാർ കൈയേറിയ നിലയിലാണ്. ഇതിൽ മുട്ടാതെ പോകണമെങ്കിൽ തകർന്നുകിടക്കുന്ന നടപ്പാതയിൽ സർക്കസ് കളിക്കണം. താരതമ്യേന വീതി കുറഞ്ഞ നടപ്പാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ റോഡിലേക്ക് കയറി വേണം സഞ്ചരിക്കാൻ. കാലപ്പഴക്കമില്ലാത്ത നിർമ്മാണ പ്രവൃത്തിയിൽ ഇത്ര വേഗം തറയോട് ഇളകാൻ കാരണമെന്തെന്ന് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മിക്ക നടപ്പാതകളിലും സമാന അവസ്ഥ
നഗരത്തിലെ മിക്ക നടപ്പാതകളുടെയും അവസ്ഥ സമാനമാണ്. ചിലയിടങ്ങളിൽ അശാസ്ത്രീയ നിർമ്മാണ പ്രവൃത്തിയാണ് ഗതികേടിന് കാരണമെന്നാണ് വഴിയാത്രക്കാർ പറയുന്നു. എത്രയും വേഗം നടപ്പാതയിലെ ബുദ്ധിമുട്ട് പരിഹരിച്ച് വശങ്ങളിൽ കൈവരി ഉൾപ്പടെ സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രായമായവരും കുട്ടികളും ഇതുവഴി കടന്നുപോകാൻ ഏറെ ബുദ്ധിമുട്ടുകയാണ്. തിരക്കുള്ള റോഡിൽ ഇളകിയ തറയോടിന് മുകളിലൂടെയുള്ള യാത്രയ്ക്കും ഏറെ സമയം ചെലവഴിക്കേണ്ട അവസ്ഥയാണ്.
മുരളി, കാൽനട യാത്രക്കാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |