കണ്ണൂർ: സംസ്ഥാനത്തെ 12,959 സ്കൂളുകളിലായി ആകെ ഉള്ളത് 1005 സൈക്കോ സോഷ്യൽ കൗൺസിലർമാർ മാത്രം. ഈ അനുപാതം കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും മെച്ചപ്പെടുത്താനുമുള്ള നടപടികളെ പിന്നോട്ടടിപ്പിക്കുന്നു. മിക്ക ജില്ലകളിലും കൗൺസിലർ നിയമനം കാര്യക്ഷമമല്ലാത്തതും സർക്കാർ മേഖല ഒഴിച്ചുനിർത്തിയാൽ നിയമനം നടക്കാത്തതും വലിയ പ്രതിസന്ധിയാണ് ഈ ദൗത്യത്തിന് ക്ഷതമേൽപ്പിക്കുന്നത്.
നിലവിൽ സർക്കാർ സ്‌കൂളുകളിൽ മാത്രമാണ് കൗൺസിലർമാരുള്ളത്. 1574 സ്കൂളുകളുള്ള കണ്ണൂർ ജില്ലയിൽ സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ 94 പോസ്റ്റുകളാണുള്ളത്. ഇതിൽ തന്നെ അഞ്ച് പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ബ്ലോക്ക് തലത്തിലാണ് നിലവിൽ കൗൺസിലർ നിയമനം നടക്കുന്നത്. ഒരു കൗൺസിലർക്ക് രണ്ടുമുതൽ അഞ്ചുവരെ സ്‌കൂളുകളിൽ പോകേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. മാനസികമായി ഏറെ അദ്ധ്വാനമുള്ള കൗൺസിലിംഗിനെ ഇത് സാരമായി ബാധിക്കുന്നു. അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂളിലാണ് കൗൺസിലർമാർക്ക് ചുമതലയുള്ളത്. ഒന്നിൽ കൂടുതൽ സ്‌കൂളുകളിൽ പോകേണ്ടി വരുമ്പോൾ കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും അവർക്ക് യഥാവിധി പിന്തുണ നൽകാനും കൗൺസിലർമാർക്ക് സാധിക്കാത്ത സ്ഥിതിയുമുണ്ട്.
സംസ്ഥാനത്തെ കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ ശിശുവികസന വകുപ്പിന് കീഴിൽ തുടങ്ങിയ സൈക്കോ സോഷ്യൽ പദ്ധതിയിൽ ജില്ലാതലത്തിലായിരുന്നു നേരത്തെ സ്‌കൂളുകളിൽ കൗൺസിലർമാരെ നിയമിച്ചിരുന്നത്. ജില്ലാ ശിശു വികസന വകുപ്പും ജില്ലാ പഞ്ചായത്തും കൂടിയാണ് അഭിമുഖം ഉൾപ്പെടെ നടത്തിയത്. എന്നാൽ കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കിയതിനാൽ ഓരോ ജില്ലയിലുമുള്ള ഒഴിവുകളിലേക്ക് ഇതര ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഗാർത്ഥികളുമെത്തും. ഇവരിൽ പലരും വിവിധ കാരണങ്ങളാൽ ജോലി ഉപേക്ഷിച്ചുപോകുന്നതും പതിവാണ്. ഇത്തരത്തിൽ കൗൺസിലർ പോസ്റ്റിൽ ആളില്ലാത്ത അവസ്ഥയുമുണ്ടാകുന്നു.
ഇത്തരത്തിൽ മാത്രം സംസ്ഥാനത്ത് മുപ്പതോളം ഒഴിവുകളുണ്ടായിട്ടുണ്ട്.
സ്വകാര്യത സൂക്ഷിക്കാൻ പാടുപെടണം
വളരെ രഹസ്യ സ്വഭാവത്തിൽ നടത്തേണ്ട കൗൺസിലിംഗിന് പ്രത്യേക മുറികൾ നൽകണമെന്ന ഉത്തരവും മിക്ക സ്‌കൂളുകളിലും പാലിക്കപ്പെടുന്നില്ല. ഇവിടങ്ങളിൽ ലൈബ്രറി, ലാബുകൾ എന്നിവിടങ്ങളിലാണ് കൗൺസിലിംഗ്. ഇതുകാരണം പല കുട്ടികളും കാര്യങ്ങൾ തുറന്നു സംസാരിക്കുന്നില്ലെന്നാണ് കൗൺസിലർമാർ പറയുന്നത്.
കൗൺസിലിംഗ് അനിവാര്യം
പോക്‌സോ കേസുകളിൽ പെടുന്നവർ, വഴക്കിട്ട് വീടുവിടുന്ന കുട്ടികൾ, ആത്മഹത്യാ പ്രവണതയുള്ള കുട്ടികൾ, ലഹരി കേസുകളിൽ ഉൾപ്പെടുന്നവർ എന്നിവരെ രക്ഷിച്ചെടുക്കാനുള്ള വലിയ ദൗത്യമാണ് കൗൺസിലിംഗിലുള്ളത്. പോക്സോ കേസുകളിൽ ഇത്തരം കൗൺസിലർമാരാണ് പെൺകുട്ടികളുടെ മൊഴിയെടുക്കുന്നത്. കുട്ടികൾക്കെതിരെ അതിക്രമം വർദ്ധിച്ച സാഹചര്യത്തിൽ സൈക്കോ സോഷ്യൽ കൗൺസിലർ നിയമനം വളരെ അനിവാര്യമാണെന്നാണ് അദ്ധ്യാപകരടക്കം പറയുന്നത്.
സംസ്ഥാനത്ത് ആകെ സ്കൂളുകൾ 12,959
സൈക്കോ സോഷ്യൽ കൗൺസിലർമാർ 1005
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |