കൊട്ടിയൂർ: മകം നാളായ ഇന്ന് ഉച്ചകഴിഞ്ഞ് ആനകൾ കൊട്ടിയൂർ പെരുമാളുടെ സന്നിധാനത്തിൽ നിന്ന് മടങ്ങും. വിശേഷ വാദ്യവും ഇന്നു മുതൽ ഉണ്ടാകില്ല. ഉച്ചശീവേലി ആരംഭിക്കുമ്പോൾ സ്ത്രീകളുടെ ദർശന കാലം അവസാനിക്കും. ശീവേലി പൂർത്തിയാകും മുമ്പ് സ്ത്രീകൾ ബാവലിപ്പുഴയുടെ ഇക്കരയിലേക്ക് മടങ്ങണമെന്നാണ് ചിട്ട. തിടമ്പേറ്റുന്ന ആനകളും ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങും. സ്ഥാനികരും ആചാര്യന്മാരും നൽകുന്ന പ്രസാദം സ്വീകരിച്ച ശേഷം ആനകൾ പിന്നോട്ടുനടന്ന് പടിഞ്ഞാറേ നടവഴി സന്നിധാനത്തിന് പുറത്തേക്കു പോകും.
മുഴക്കുന്നിലെ നല്ലൂരിൽ നിന്ന് കൊട്ടിയൂരിലെ പൂജകൾക്കുള്ള കലങ്ങളുമായി കുലാല സ്ഥാനികൻ നല്ലൂരാനും സംഘവും ഉച്ചയ്ക്ക് പുറപ്പെടും. പന്ത്രണ്ടംഗ സംഘമാണ് നല്ലൂരാനൊപ്പം ഉണ്ടാകുക. ഇവർ സന്ധ്യയോടെ കൊട്ടിയൂരിൽ എത്തിച്ചേരും.142 കലങ്ങളാണ് സന്നിധാനത്തിൽ സമർപ്പിക്കുക. ഇവർ കൊട്ടിയൂരിൽ ഗണപതിപ്പുറത്ത് എത്തിയാൽ സന്നിധാനവും പരിസര പ്രദേശങ്ങളും വിളക്കുകൾ അണച്ച് അന്ധകാരത്തിലാകും. സന്നിധാനത്തിലുള്ളവർ എല്ലാം കൈയാലകൾക്ക് അകത്തു കയറി വാതിൽ അടയ്ക്കണം.
സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന മണിത്തറയിൽ ഉള്ള കാർമ്മികനുമായി പരസ്പരം കാണാതെ പ്രസാദം വാങ്ങി നല്ലൂരാനും സംഘവും ദർശനം നടത്തും. സംഘത്തിനായി കരുതി വെച്ച സദ്യയും കഴിച്ച് മടങ്ങും. ഇവർ സമർപ്പിക്കുന്ന കലങ്ങൾ ഉപയോഗിച്ചുള്ള ഗൂഢപൂജകൾ ഇന്നു രാത്രി തന്നെ ആരംഭിക്കും. വറ്റടി നാളിൽ സ്വയംഭൂവിഗ്രഹത്തെ ആവരണം ചെയ്യാനുള്ള അഷ്ടബന്ധവും ഇന്നു മുതൽ തയാറാക്കി തുടങ്ങും. ജൂലായ് 4ന് തൃക്കലശാട്ടോടെ വൈശാഖ മഹോത്സവം സമാപിക്കും.
ഇന്നലെയും വൻ ഭക്തജന തിരക്ക്
അവധി ദിവസമായതിനാൽ കൊട്ടിയൂരിൽ ഇന്നലെയും വൻ ഭക്തജനതിരക്കും ഗതാഗത കുരുക്കും ആണ് അനുഭവപ്പെട്ടത്.
കർണാടകയിൽ നിന്നുള്ള ഭക്തജനങ്ങളാണ് ഞായറാഴ്ച ഏറ്റവും കൂടുതലായി എത്തിയത്. പുലർച്ചെ മുതൽ പ്രസാദം വാങ്ങാനുള്ള ക്യൂ കിഴക്കെ നടയിൽ മന്ദംചേരി പാലം വരെയും പടിഞ്ഞാറെ നടയിലെ ക്യൂ നടുക്കുനി വരെയും നീണ്ടു.
ഇക്കരെ കൊട്ടിയൂർ, മന്ദംചേരി, നീണ്ടുനോക്കി, പാമ്പറപ്പാൻ, ചുങ്കക്കുന്ന്, അമ്പായത്തോട് വരെ വാഹന കുരുക്കും അനുഭവപ്പെട്ടു. മണിക്കൂറോളമാണ് വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |