കല്ലറ: നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരുടെ ഉപജീവന മാർഗ്ഗമായിരുന്നു ആട് വളർത്തൽ. എന്നാൽ ഇപ്പോൾ നാട്ടിൻ പുറങ്ങളിൽ നിന്നും ആട് ഫാമെല്ലാം അന്യമായി കൊണ്ടിരിക്കുകയാണ്. മുൻപ് ഒരു സാധാരണ കുടുംബത്തിന് ആടുവളർത്തൽ വഴി ഉപജീവനം സാദ്ധ്യമാകുമായിരുന്നു. എന്നാൽ ഇപ്പോൾ ആടിനെ പരിപാലിക്കാൻ തന്നെ നല്ല തുക വേണം. ആട്ടിൻ പാലിനും ഇറച്ചിക്കും വില വർദ്ധിച്ചു. സാധാരണ വീട്ടമ്മമാരായിരുന്നു നാടൻ ആടുകളെ വളർത്തിയിരുന്നത്. പാലിന്റെ അളവ് കുറവും സംരക്ഷണ ചെലവ് കൂടിയതും രോഗ കാരണങ്ങളാലും മിക്കവരും ആടു വളർത്തൽ ഉപേക്ഷിച്ചു. പ്രായമായവർക്കും ഹൃദ്രോഗമുള്ളവർക്കും ഏറെ ഗുണകരമാണ് നാടൻ ആട്ടിൻപാൽ .പുതിയ ആടുവളർത്തൽ പദ്ധതികളോ തീറ്റയ്ക്കായി സബ്‌സിഡിയോ ആനുകൂല്യങ്ങളോ സർക്കാർ നടപ്പിലാക്കുന്നില്ല എന്ന പരാതിയും ഉയരുന്നുണ്ട്.
നാടൻ ഇനത്തിന് പ്രതിസന്ധി
അന്യസംസ്ഥാനത്ത് നിന്നുള്ള ആടുകൾ കേരളത്തിൽ ഇടംപിടിച്ചതോടെ നാടൻ ഇനത്തിന് പ്രതിസന്ധിയാണ്. ഇതിനൊപ്പം ആടുകൾക്ക് രോഗങ്ങൾ പിടിപെടുന്നത് കർഷകരെ വലയ്ക്കുന്നുണ്ട്. അതിർത്തി കടന്നെത്തിയ ആടുകൾ വന്നതോടെ നാടൻ ഇനങ്ങൾക്ക് പ്രതിരോധ വാക്‌സിൻ എടുക്കേണ്ട സ്ഥിതിയാണ്. സൗജന്യവാക്‌സിനെടുക്കാൻ മൃഗാശുപത്രികളിൽ ഡോക്ടർമാരില്ലാത്തതിനാൽ നിരവധി ആടുകളാണ് ചത്തത്. അകിടുവീക്കം,കുളമ്പുരോഗം,പ്ലൂറോ ന്യൂമോണിയ,ടെറ്റനസ്,വയറുകടി,വിറ്റാമിനുകളും ധാതുലവണങ്ങളുടേയും കുറവുമൂലമുള്ള രോഗങ്ങൾ എന്നിവയാണ് പ്രധാനമായും ബാധിക്കുന്നത്.
സ്ഥലപരിമിതി
ആടുവളർത്തലിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥലപരിമിതിയാണ്. കെട്ടിടങ്ങൾ ധാരാളമായതും സ്ഥലങ്ങൾ കെട്ടിയടച്ചതും കാരണം ഒഴിഞ്ഞ പുരയിടങ്ങൾ ഇല്ലാതായി. ആടിനെ കൂടുതലായും വളർത്തുന്നത് മാംസത്തിനായാണ്. ആട്ടിറച്ചിക്ക് വിലയുണ്ടെങ്കിലും ആടിനെ വിൽക്കുമ്പോൾ കർഷകർക്ക് കാര്യമായ ലാഭം കിട്ടാറില്ല.
പ്ലാവില, പച്ചപുല്ല് എന്നിവയാണ് ആടിന്റെ പ്രധാന ആഹാരം. പഴയതുപോലെ പ്ലാവില കിട്ടാനില്ല. പ്ലാവില വെട്ടിയിറക്കുന്നതിനുള്ള കൂലി, എത്തിക്കാനുള്ള ചെലവ് എന്നിവയെല്ലാം വച്ചുനോക്കുമ്പോൾ ആടുവളർത്തൽ പലപ്പോഴും നഷ്ടത്തിലാവും കലാശിക്കാറ്
പരിപാലന ചെലവേറി ആടുകൾക്ക് നൽകാനുള്ള തീറ്റക്ക് മുൻ വർഷത്തെക്കാൾ വില ഉയർന്നു.
തവിട് -- 40 രൂപ
പിണ്ണാക്ക് -- 60 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |