പത്തനംതിട്ട: റൗഡി പട്ടികയിലുൾപ്പെട്ട അഭിഭാഷകനെ കൊലപാതകക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാക്കാനുള്ള പത്തനംതിട്ട എസ്.പി വി.ജി.വിനോദ് കുമാറിന്റെ നീക്കത്തിനെതിരെ ഡിവൈ.എസ്.പി. പത്തനംതിട്ട മുൻ സി.ഐയും ഇപ്പോൾ ആലപ്പുഴ ഡിവൈ.എസ്.പിയുമായ മധുബാബു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.
2013ൽ പത്തനംതിട്ട നഗരത്തിലെ കടയിലുണ്ടായ കൊലപാതക കേസിലാണ് അഭിഭാഷകനായ പ്രശാന്ത് വി. കുറുപ്പിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കാൻ എസ്.പി ശ്രമിക്കുന്നതെന്നാണ് പരാതി. പത്തനംതിട്ട സ്റ്റേഷനിലെ റൗഡി പട്ടികയിലുള്ളയാളാണ് പ്രശാന്ത്. ഇയാളെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കുന്നത് താൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് മധുബാബു പരാതിയിൽ ആരോപിച്ചു.
അഭിഭാഷകനെതിരെ മൂന്ന് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്. വാഹനാപകട കേസ് മാത്രം കൈകാര്യം ചെയ്യുന്ന അഭിഭാഷകനെ ക്രിമിനൽ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാക്കുന്നത് കേസ് തള്ളിപ്പോകാൻ ഇടയാക്കുമെന്നും പരാതിയിൽ പറയുന്നു.
അതേസമയം, മധുബാബു പത്തനംതിട്ട സി.ഐ ആയിരുന്നപ്പോൾ തനിക്കെതിരെ എടുത്ത ക്രിമിനിൽ കേസുകൾ വ്യക്തിവിരോധം മൂലമുള്ളതാണെന്ന് അഡ്വ.പ്രശാന്ത് പറഞ്ഞു. പരാതിയിലെ കാര്യങ്ങൾ അടിസ്ഥാനരഹിതമാണ്. താൻ ക്രിമിനിൽ കേസുകളിലെ അഭിഭാഷകൻ കൂടിയാണെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |