തൃശൂർ (പുതുക്കാട്): പ്രസവിച്ചത് ആരുമറിയാതിരിക്കാൻ ചോരക്കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ട യുവതിയും കാമുകനും അറസ്റ്റിൽ. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകൻ മദ്യലഹരിയിൽ സംഭവം വെളിപ്പെടുത്തിയതാണ് വഴിത്തിരിവായത്. ശനിയാഴ്ച പുലർച്ചെ രണ്ടിന് പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി ഇയാൾ പറഞ്ഞ കഥകേട്ട് ഞെട്ടിയ പൊലീസ് നേരം പുലരുമുമ്പ് തെളിവുകൾ കണ്ടെത്തുകയായിരുന്നു. മറ്റത്തൂർ നൂലുവള്ളി മുല്ലക്കപറമ്പിൽ അനീഷയും (22) കാമുകൻ നെന്മണിക്കര കേളിപാടം ചേനക്കാല ഭവിനുമാണ് (26) അറസ്റ്റിലായത്. രണ്ടാമത്തെ കുട്ടിയെ മാത്രമാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെങ്കിലും രണ്ടും കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം ഇങ്ങനെ: അനീഷ ലാബ് ടെക്‌നീഷ്യനും ഭവിൻ വെൽഡിംഗ് - പ്ലംബർ ജോലിക്കാരനുമാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. തുടർന്ന് പ്രണയത്തിലായതോടെ ഗർഭിണിയായ അനീഷ 2021ലും 2024ലും ഓരോ ആൺകുട്ടികളെ വീട്ടിൽ പ്രസവിച്ചു. ഇതിൽ പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി മരിച്ച ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം നൂലുവള്ളിയിലെ വീട്ടുപറമ്പിൽ കുഴിച്ചിട്ടെന്നാണ് യുവതിയുടെ മൊഴി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. 2024ൽ ജനിച്ച രണ്ടാമത്തെ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന് ദിവസങ്ങൾക്കു ശേഷം തുണിയിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി സ്‌കൂട്ടറിൽ ആമ്പല്ലൂരിൽ വന്ന് ഭവിനെ ഏൽപ്പിക്കുകയായിരുന്നു. ഇക്കാര്യം യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ കുഞ്ഞിന്റെ മൃതദേഹം ഭവിന്റെ ആമ്പല്ലൂരിലെ വീടിന് സമീപം കുഴിച്ചിട്ടു. ഇതിനിടെ ആത്മാവിന് മോക്ഷം കിട്ടാൻ ക്രിയകൾക്കായി അസ്ഥി വേണമെന്ന് വിശ്വസിപ്പിച്ച് അനീഷയിൽ നിന്ന് എട്ട് മാസങ്ങൾക്കു ശേഷം ആദ്യകുട്ടിയുടെ അസ്ഥിയും ഭവിൻ സ്വന്തമാക്കി. രണ്ടാമത്തെ കുട്ടിയുടെ അസ്ഥിയുമായി ചേർത്ത് ഇത് സൂക്ഷിച്ചു വച്ചു. അനീഷയെ വരുതിയിലാക്കാനായിരുന്നു ഇതെന്ന് ചോദ്യം ചെയ്യലിൽ ഭവിൻ സമ്മതിച്ചു.
പിന്നീട് അകൽച്ചയിലായ അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഇയാൾ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെ വഴക്കുണ്ടായിരുന്നു. രാവിലെ പൊലീസ് സർജൻ സ്റ്റേഷനിലെത്തി അസ്ഥി പരിശോധിച്ചാണ് അത് നവജാത ശിശുക്കളുടേതാണെന്ന് സ്ഥിരീകരിച്ചത്. പ്രസവിച്ച കുട്ടികളുടെ ജനനം മറച്ചു വയ്ക്കുകയും കുട്ടികളെ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള മാതാപിതാക്കൾ ഗർഭസ്ഥ ശിശുവിന് നൽകേണ്ട യാതൊരു വിധ പരിചരണവും ചികിത്സയും നൽകാതെ കുട്ടികളെ കൊലപ്പെടുത്താനും തെളിവ് നശിപ്പിക്കാനും കൂട്ടുനിൽക്കുകയും ചെയ്ത കാര്യത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്.
തെളിവ് ശേഖരിക്കാൻ പൊലീസ്
രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചതായി തൃശൂർ റൂറൽ എസ്.പി: ബി.കൃഷ്ണകുമാർ കേരളകൗമുദിയോട് പറഞ്ഞു. കൃത്യമായ സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവിലൂടെയും ശാസ്ത്രീയ പരിശോധനയിലൂടെയും മാത്രമേ തെളിയിക്കാനാകൂ. ഇക്കാര്യത്തിൽ പ്രതികളായ മാതാപിതാക്കളുടെ ഡി.എൻ.എ പരിശോധന വേണ്ടിവരുമെന്നും റൂറൽ എസ്.പി വിശദീകരിച്ചു. ഫോറൻസിക് ലാബിലേക്ക് നവജാത ശിശുക്കളുടെ അസ്ഥി അയച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |