നീലശ്വരം: ബോട്ട് സർവ്വീസ് ജീവനക്കാരനായിരുന്ന കാലത്ത് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് എൻ.ജി.കമ്മത്താണ് പൊള്ളയിൽ അമ്പാടിയെ കർഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് എത്തിച്ചത്. ബോട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറിയായ ഇദ്ദേഹം 1951 ൽ പാർട്ടി അംഗമായി. പിന്നാലെ ബോട്ടിലെ ജോലി ഉപേക്ഷിച്ച് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകനായി എൻ ജി കമ്മത്തിനോടൊപ്പം നീലേശ്വരത്തിന്റെ വിവിധ ഗ്രാമങ്ങളിൽ പ്രസ്ഥാനം ശക്തമാക്കാൻ ഇറങ്ങുകയായിരുന്നു.
1956ലാണ് അവിഭക്ത നീലേശ്വരം ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായത്.എ.കെ.ജി, വി.വി.കുഞ്ഞമ്പു,എ.വി.കുഞ്ഞമ്പു, ടി.കെ.ചന്തൻ തുടങ്ങിയ നേതാക്കളുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു. 1951ൽ ജയിൽ മോചിതനായി പുറത്ത് വന്ന എ.കെ.ജിക്ക് നീലേശ്വരത്ത് പാർട്ടി ഒരുക്കിയ സ്വീകരണത്തിന്റെ പ്രധാന സംഘാടകനായിരുന്നു അമ്പാടി. 1956ൽ മലബാർ സ്റ്റുഡന്റ് ഫെഡറേഷൻ സമ്മേളനം നീലേശ്വരം രാജാസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ചതിന്റെ പിന്നിലും അമ്പാടിയുടെ ഇച്ഛാശക്തിയായിരുന്നു. കൃഷിക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുടിയൊഴിപ്പിക്കലിനെതിരായ നിരവധി സമരങ്ങളിൽ നേതൃത്വപരമായ പങ്കുഹിച്ചു. ഈ പ്രവർത്തനങ്ങളുടെ ഫലമായാണ് 1963ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിപ്പിച്ചുകൊണ്ട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ മുന്നണി നീലേശ്വരത്ത് ഭരണത്തിലെത്തിയത്. ആ ഭരണസമിതിയിലും അംഗമായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥയിൽ ഉൾപ്പടെ വിവിധ ഘട്ടങ്ങളിൽ ജയിലടക്കപ്പെട്ടു. പോലീസ് ഭീഷണിയും, മർദ്ദനത്തിനവും ഒരു കാലത്ത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. പൊലീസ് വീട് ആക്രമിച്ച സംഭവങ്ങളിലടക്കം നീലേശ്വരത്തും പരിസരപ്രദേശങ്ങളിൽ ചെറുത്തു നിൽപ്പിന്റെ മുന്നിൽ നിന്നത് പി.അമ്പാടിയുടെ ഇച്ഛാശക്തി കൊണ്ടായിരുന്നു.യുവനേതൃത്വത്തെ വാർത്തെടുക്കുന്നതിലും അനിതരസാധാരണമായ പാടവ പി.അമ്പാടിക്കുണ്ടായിരുന്നു. കോൺഗ്രസ് ഏറെക്കാലം കുത്തകയാക്കി വച്ച നീലേശ്വരം ഗ്രാമപഞ്ചായത്തിനെ ഇടതുപക്ഷത്തേക്ക് അടുപ്പിച്ചതിലും പി.അമ്പാടിയുടെ ഇടപെടൽ നിർണായകമായിരുന്നു. 2000ത്തിൽ നീലേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.
നീലേശ്വരത്തെയും പരിസര പ്രദേശങ്ങളിലെയും നിരവധി സാംസ്കാരിക പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിച്ചിരുന്നു. ദേശീയപാത നിർമ്മാണത്തിനിടെ പള്ളിക്കര പാലെരെ കീഴിൽ വിഷ്ണുമൂർത്തി ക്ഷേത്രത്തിന്റെ സ്ഥലമേറ്റാടുപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം നടത്തിയ സമരമായിരുന്നു അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ അവസാനത്തെ പ്രധാന ഇടപെടൽ. പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം പ്രസിഡന്റ് കള്ള് ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റ്,1990ലെ പള്ളിക്കര കേണമംഗലം പെരുങ്കളിയാട്ട കമ്മിറ്റി ചെയർമാൻ, 2008ലെ പെരുങ്കളിയാട്ട സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാൻ, 2025 ലെ പെരുങ്കളിയാട്ടം രക്ഷാധികാരി എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു.
വി.എസ് അച്യുതാനന്ദന് കാസർകോട് ജില്ലയിൽ ഏറെ പ്രിയപ്പെട്ട നേതാവു കൂടിയായിരുന്നു പി.അമ്പാടി. മുഖ്യമന്ത്രി പിണറായി വിജയനുമായും വലിയ ബന്ധം സൂക്ഷിച്ചിരുന്നു അദ്ദേഹം.മാസങ്ങൾക്ക് മുമ്പ് ജില്ലയിലെത്തിയ മുഖ്യമന്ത്രി പള്ളിക്കരയിലെ വീട്ടിലെത്തി പി.അമ്പാടിയെ സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |