ആലപ്പുഴ: സൂംബ വിഷയത്തിൽ സർക്കാരിനെ പിന്തുണച്ചും ,സംവരണത്തിൽ താക്കീത് നൽകിയും എസ്.എൻ.ഡി.പി യോഗം . ഇരുവിഷയങ്ങളിലും ശ്രദ്ധയ്ക്കും ജാഗ്രതയ്ക്കുമൊപ്പം വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ആവശ്യകതയിലേക്ക് സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുന്ന പ്രമേയങ്ങൾ ആലപ്പുഴയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിന്റെയും പോഷക സംഘടനകളുടെയും നേതൃയോഗം അംഗീകരിച്ചു.
പിന്നാക്കക്കാരന്റെ പ്രാണവായുവായ സംവരണം കേരളത്തിൽ ഭരണക്കാരുടെ ഒത്താശയോടെ അട്ടിമറിക്കപ്പെടുന്നു. സാമൂഹികമായും വിദ്യാഭാസപരമായും പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തത്. എന്നാൽ ഇന്ന് അനർഹർക്കും, സംഘടിത ന്യൂനപക്ഷങ്ങൾക്കും പിന്നാക്കക്കാരന്റെ സംവരണം കവർന്നു നൽകുന്നത് നിമിത്തം പിന്നാക്ക സമുദായാംഗങ്ങൾക്ക് അവസരങ്ങൾ കുറയുന്നത് പ്രതിഷേധാർഹമാണ്. ജനസംഖ്യയുടെ മൂന്നിലൊന്നു മാത്രം വരുന്ന മുന്നാക്ക സമുദായങ്ങൾക്ക് കൗശലപൂർവ്വം ചില മേഖലയിൽ സംവരണം അനുവദിക്കുമ്പോൾ പിന്നാക്ക സംവരണം അട്ടിമറിക്കപ്പെടുന്നു. കേരളത്തിൽ
പിന്നാക്ക സംവരണം പൂർണ്ണതോതിൽ നടപ്പാക്കുന്നോയെന്ന് പരിശോധിക്കാൻ മണ്ഡൽ കമ്മീഷന് സമാനമായ രീതിയിൽ കമ്മീഷനെ നിയമിക്കണമെന്നും ,സംവരണത്തോതിലെ വിവേചനവും അനീതിയും അടിയന്തരമായി പരിഹരിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.
സൂംബക്കെതിരായ
എതിർപ്പ് ബാലിശം
വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും മാനസികോല്ലാസത്തിനും സ്കൂളുകളിൽ സർക്കാർ നടപ്പാക്കുന്ന സൂംബാ ഡാൻസിനെതിരായ എതിർപ്പ് ബാലിശമായിപ്പോയെന്ന് യോഗം പ്രമേയത്തിൽ കുറ്റപ്പെടുത്തി. മുസ്ലിം ജനവിഭാഗത്തെ സമൂഹത്തിന് മുന്നിൽ പരിഹാസ്യരാക്കുന്നതാണ് ഇത്തരം നിലപാടുകൾ. എല്ലാ മേഖലകളിലും മതത്തെ കെട്ടിയെഴുന്നള്ളിക്കുന്നത് മാനുഷികമല്ല. മുസ്ലിം രാജ്യങ്ങൾ പോലും പുരോഗമന ചിന്തയിലേക്ക് പോകുമ്പോൾ കേരളത്തിലെ ചില പുരോഹിതരുടെ തിട്ടൂരങ്ങൾക്ക് മുസ്ലിം ജനത നിന്നുകൊടുക്കരുത്. മദ്യവും മയക്കുമരുന്നും കാർന്നു തിന്നുന്ന നമ്മുടെ പുതുതലമുറയെ അവയിൽ നിന്നൊക്കെ രക്ഷിക്കാനുള്ള മാർഗങ്ങളിലൊന്നായി ഇതിനെ കണ്ടാൽ മതി. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവരുൾ ഇക്കൂട്ടരുടെ മനസുകളിലേക്ക് കടത്തിവിടാനുള്ള പദ്ധതി സർക്കാർ ആലോചിക്കണം. സൂംബാ ഡാൻസ് നിശ്ചയിച്ചത് പോലെ മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ തീരുമാനിച്ചത് ശുഭകരമാണ്. ന്യൂനപക്ഷ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന രീതി ഉണ്ടാകരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |