കൊല്ലം: കൊല്ലത്ത് കോടതി സമുച്ചയത്തിന്റെ നിർമ്മാണ ജോലികൾക്ക് ഗതിവേഗം. അടുത്ത മാർച്ചിൽ ഉദ്ഘാടനം നടത്താൻ കഴിയും വിധത്തിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിൽ മഞ്ചേരി ആസ്ഥാനമായ നിർമ്മാൺ കൺസ്ട്രക്ഷൻസിനാണ് നിർമ്മാണ ചുമതല.
സിവിൽ സ്റ്റേഷനിലും വാടക കെട്ടിടങ്ങളിലുമായിട്ടാണ് നിലവിൽ കോടതികൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം വിജിലൻസ് കോടതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഈ കോടതികളെയെല്ലാം കൂടി ഒരു കൂരയ്ക്ക് കീഴിലെത്തിക്കുകയെന്ന ആശയമാണ് യാഥാർത്ഥ്യമാകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കളക്ടറേറ്റിന് സമീപത്തെ എൻ.ജി.ഒ ക്വാർട്ടേഴ്സിന്റെ ഭാഗമായ രണ്ടര ഏക്കർ ഭൂമി കോടതി സമുച്ചയം നിർമ്മിക്കാനായി നിയമ വകുപ്പിന് കൈമാറിയത്.
കെട്ടിടം നിർമ്മിക്കാൻ 78.20 കോടി രൂപ അന്ന് അനുവദിക്കുകയും ചെയ്തു. എന്നാൽ പൂർത്തിയാകുമ്പോൾ 100 കോടി രൂപയിൽ കൂടുമെന്നാണ് കണക്കുകൂട്ടുന്നത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ശിലാസ്ഥാപനം നടത്തിയത്.
വരുന്ന മൂന്ന് മാസത്തിനുള്ളിൽ സ്ട്രക്ചർ പൂർത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ജനുവരിയോടെ നിർമ്മാണ ജോലികൾ ഏറെക്കുറേ പൂർത്തിയാകും. ബാർ അസോസിയേഷൻ ഓഫീസും ഹാളും കോടതി സമുച്ചയത്തിൽ ഉൾപ്പെടും. എന്നാൽ മഴ നിർമ്മാണത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കോടതി സമുച്ചയം
നിലകൾ-4
കോടതികൾ-22
വിസ്തൃതി-1,50,000 ചതുരശ്ര അടി
ലിഫ്ടുകൾ-6
സ്റ്റെയറുകൾ-6
പാർക്കിംഗ് സൗകര്യം-250 കാറുകൾക്ക്
മറ്റ് സൗകര്യങ്ങൾ
കോടതി ഹാളുകൾ
ചേംബർ ഏരിയകൾ
വെയിറ്റിംഗ് ഏരിയ
ഓഫീസ് മുറികൾ
ലൈബ്രറി ഹാളുകൾ
എല്ലാ നിലകളിലും ടൊയ്‌ലെറ്റ്
സിവിൽ സ്റ്റേഷനിലെ കോടതികളെല്ലാം കോടതി സമുച്ചയത്തിലേക്ക് മാറുമ്പോൾ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകൾ സിവിൽ സ്റ്റേഷനിലേക്ക് മാറ്റും.
കെ.എൻ.ബാലഗോപാൽ,
ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |