അൻപതോ നൂറോ ഫ്ളാറ്റ് ഉടമകളുടെ ബുദ്ധിമുട്ടിൽ ഇടപെടുന്ന കേരള മുഖ്യമന്ത്രി എന്തുകൊണ്ടാണ് ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസ വിഷയമായ ശബരിമലയിൽ ഇതുപോലെ നിലപാട് എടുക്കാതിരുന്നതെന്ന ആരോപണവുമായി ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടിലായ ഫ്ളാറ്റ് ഉടമകളുടെ പ്രശ്നത്തിൽ ഇടപെടുന്നതിനായി സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചിരിന്നു.
മരട് ഫ്ളാറ്റ് വിഷയത്തിൽ രണ്ട് പരിഹാരമാർഗം മാത്രമേ ഇനിയുള്ളൂവെന്നും ഒന്നുകിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവരുകയോ അല്ലെങ്കിൽ പരോക്ഷ ബാധ്യത ഏറ്റെടുത്ത് സർക്കാർ ഫ്ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മരട് വിഷയത്തിലും ശബരിമല വിഷയത്തിലും എന്തുകൊണ്ട് സർക്കാരിന് വ്യത്യസ്‌ത നിലപാട്?
മരട് വിഷയത്തിലെ സുപ്രിം കോടതിവിധി പശ്ചാത്തലത്തിൽ ബുദ്ധിമുട്ടിലായ ഫ്ലാറ്റ് ഉടമകളുടെ പ്രശ്നത്തിൽ ഇടപെടാൻ സർവ്വകക്ഷിയോഗം വിളിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സർവ്വകക്ഷിയോഗം പ്രതിപക്ഷ നേതാവിനോട് ആലോചിച്ച ശേഷം തീരുമാനിക്കുന്നത് ആയിരുന്നു തീർച്ചയായും ഉചിതം.
ഇവിടെ അൻപതോ നൂറോ ഫ്ലാറ്റ് ഉടമകളുടെ പ്രയാസത്തിൽ ഇടപെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ട് കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസ വിഷയമായ ശബരിമലയിൽ ഈ നിലപാട് എടുത്തില്ലാ എന്നത് വ്യക്തമാക്കണം.
മരട് ഫ്ലാറ്റ് വിഷയത്തിന് രണ്ട് പരിഹാരം മാത്രമേയുള്ളു, ഒന്നുകിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ്സ് കൊണ്ടുവരുക, അല്ലെങ്കിൽ ഈ ഫ്ലാറ്റുകൾ പണിയാൻ അനുവാദം നൽകിയ സംസ്ഥാന സർക്കാർ vicarious liability / പരോക്ഷ ബാധ്യത ഏറ്റെടുത്ത് നിരപരാധികളായ ഫ്ലാറ്റ് ഉടമകൾക്ക് നഷ്‌ടപരിഹാരം നൽകുക. ഇനി ബിൽഡേഴ്‌സ് ആണ് ഈ വിഷയത്തിൽ കുറ്റക്കാർ എങ്കിൽ അവർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണം, കൂടാതെ ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുവാൻ നമ്മുടെ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കണം എന്ന ഓർമ്മപ്പെടുത്തലാണ് മലയാളിക്ക് മരട് വിഷയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |