ഇടുക്കിയിലെ മൂന്നാറിൽ ഒരു തുറമുഖം നിർമിക്കാനാകുമോ എന്ന ചോദ്യംതന്നെ അസംബന്ധമല്ലേ? കാരണം തുറമുഖത്തിനു വേണ്ട അടിസ്ഥാന സംഗതി കടലാണ്. പക്ഷേ, ടെക്‌നോപാർക്കും ഇൻഫോപാർക്കും പോലെ വികസനത്തിന്റെ മറ്റൊരു വൈജ്ഞാനിക തുറമുഖം ഇടുക്കിയിലോ വയനാട്ടിലോ സ്ഥാപിക്കുന്നതിന് ഇന്നത്തെ കേരളത്തിൽ തടസങ്ങളില്ല. അതിനു വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങളുടെ കടൽതന്നെ സംസ്ഥാനത്തെ ഓരോ ഗ്രാമത്തിലുമുണ്ട്. അവിടെ പുതിയ 'തുറമുഖങ്ങൾ" പണിതാൽ 'നങ്കൂരമിടാൻ" ശേഷിയുള്ള വിശാലമായ വൈജ്ഞാനിക വിഭവശേഷിയും നമുക്കുണ്ട്. അവയുടെ അർഥവത്തായ സമന്വയത്തിലൂടെ കേരളത്തിലെവിടെയും വൈജ്ഞാനിക വ്യവസായത്തിന്റെ വൻ തുറമുഖങ്ങൾതന്നെ നമുക്ക് സൃഷ്ടിക്കാനാകും.
അത്തരമൊരു പരീക്ഷണശാലയായിരുന്നു കൊട്ടാരക്കര ഇതുവരെ. അവിടെ ഇന്ത്യയിലെ സോഫ്ട്‌വെയർ വ്യവസായ രംഗത്തെ അതികായരായ സോഹോ കോർപ്പറേഷൻ നങ്കൂരമുറപ്പിക്കുകയാണ്. വികേന്ദ്രീകൃത വികസനം എന്നത് ജനകീയാസൂത്രണ കാലം മുതൽ കേരളം മുന്നോട്ടുവയ്ക്കുന്ന വികസന സങ്കല്പമാണ്. അടിസ്ഥാന സൗകര്യങ്ങളിൽ വികേന്ദ്രീകൃത വികസനം നമുക്ക് എല്ലാ മേഖലകളിലും സാദ്ധ്യമായിക്കഴിഞ്ഞു. മികച്ച റോഡുകൾ നമ്മുടെ നഗരങ്ങളളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്നു. വെള്ളവും വൈദ്യുതിയും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും തടസങ്ങളില്ല. പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതാണ്ട് എല്ലാ നിയോജകമണ്ഡലങ്ങളിലും ഒന്നെങ്കിലുമുണ്ട്. അതോടൊപ്പം തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രങ്ങളും വ്യാപകമായി തുറക്കാനായി.
ഇവിടെയെല്ലാം വെള്ളവും വൈദ്യുതിയും ശുദ്ധവായുവും കണക്ടിവിറ്റിയും സാദ്ധ്യമായിക്കഴിഞ്ഞു. പടിപടിയായുണ്ടായ ഇത്തരം വികസനത്തിനൊപ്പമാണ് മികച്ച തൊഴിൽ ശേഷിയുള്ള ഒരു വൈജ്ഞാനിക സമൂഹം ഗ്രാമങ്ങളിൽ വരെ സൃഷ്ടിക്കപ്പെട്ടത്. ആ മനുഷ്യവിഭവ ശേഷി അവസരങ്ങൾ തേടി നഗരങ്ങളിലേക്ക് എത്തുന്നതിനു പകരം അവസരങ്ങളും സൗകര്യങ്ങളും അവരുടെ അടുത്തേക്കെത്തുന്ന വൈജ്ഞാനിക വികസനത്തിന്റെ പുതിയ വികേന്ദ്രീകൃത മാതൃകകളാണ് ഇന്ന് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ കുടിയേറ്റം പോലെ നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കുള്ള അവസരങ്ങളുടെ കുടിയേറ്റം.
നഗരം വിട്ട്
ഗ്രാമങ്ങളിൽ
വൻകിട ബിസിനസുകൾക്ക് ഉൾപ്പെടെ സോഫ്ട്‌വെയർ സേവനങ്ങൾ ലഭ്യമാക്കുന്ന സോഹോ കോർപ്പറേഷൻ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നതും വേരുകളുള്ളതുമായ കമ്പനിയാണ്. തമിഴ്നാട്ടിൽ തെങ്കാശിക്കടുത്താണ് അവർക്ക് ആവശ്യമായ വൈജ്ഞാനിക വിഭവശേഷിയുടെ ആസ്ഥാനം. അവർതന്നെ വളർത്തിയെടുക്കുകയും പരിപോഷിപ്പിക്കുകയും നിലനിറുത്തുകയും ചെയ്യുന്ന സമാനതകളില്ലാത്ത കോർപ്പറേറ്റ് രീതിയാണ് സോഹോയുടേത്. ഗ്രാമീണാന്തരീക്ഷത്തിൽ എങ്ങനെ ഒരു വൻകിട സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാമെന്നതിന് സോഹോ ഉദാഹരണമാണ്. ആ അനുഭവജ്ഞാനവും ധൈര്യവും കൈമുതലായതുകൊണ്ടാണ് കേരളത്തിലെ നഗരങ്ങളെ പരിഗണിക്കാതെ കൊട്ടാരക്കരപോലെ ഒരു ഇടത്തരം നഗരത്തിൽ അവർ തങ്ങളുടെ കേന്ദ്രം തുറക്കാൻ തയ്യാറായത്.
കേരള സ്റ്റാർട്ടപ് മിഷനും ഐ.എച്ച്.ആർ.ഡിയും സോഹോ കോർപ്പറേഷനും ചേർന്ന് കഴിഞ്ഞ വർഷം കൊട്ടാരക്കര എൻജിനിയറിംഗ് കോളേജിൽ സ്ഥാപിച്ച ഇൻഡസ്ട്രി ഇൻ കാമ്പസും ഗവേഷണ വികസന കേന്ദ്രവും വിജയം കണ്ടതോടെയാണ് ഇതിന്റെ തുടർച്ചയായി കൂടുതൽ പേർക്ക് നൈപുണ്യ പരിശീലനവും തൊഴിലവസരവുമൊരുക്കി പുതിയൊരു കാമ്പസ് എന്ന ആശയം ഉരുത്തിരിയുന്നത്. കൊട്ടാരക്കരയിൽ മൂന്നര ഏക്കർ സ്ഥലം സ്വന്തമായി വാങ്ങി അവിടെയാണ് സോഹോ കോർപ്പറേഷൻ തങ്ങളുടെ ഐ.ടി പാർക്ക് സ്ഥാപിച്ചത്. കേരളത്തിലെ ആദ്യത്തെ ഡ്രോൺ പാർക്ക് കൊട്ടാരക്കരയിലാണ് സ്ഥാപിക്കുന്നത്.
കഥ മാറുന്ന
കൊട്ടാരക്കര
നിലവിലുള്ള അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, കുളക്കടയിലെ ഐ.എച്ച്.ആർ.ഡി ലീപ് സെന്റർ, 250 പേർക്ക് ജോലിചെയ്യാവുന്ന 'വർക്ക് നിയർ ഹോം" സൗകര്യം, കല്ലട ഇറിഗേഷൻ പ്രൊജക്ടിന്റെ സ്ഥലത്ത് 1000 പേർക്ക് ജോലി ചെയ്യാവുന്ന മിനി ഐടി പാർക്ക് തുടങ്ങിയവയുടെ ശൃംഖലകൂടി ഇവയോട് ബന്ധിപ്പിക്കപ്പെടുമ്പോൾ വൈജ്ഞാനിക തൊഴിൽ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകാൻ കഴിയുന്ന നഗരമായി കൊട്ടാരക്കര മാറും. കൊച്ചി ആസ്ഥാനമായ റോബോട്ടിക് സ്റ്റാർട്ടപ്പായ 'അസിമോവ്" സോഹോ ഏറ്റെടുത്തുകഴിഞ്ഞു. ഇനി മുതൽ ഇതിന്റെ പ്രവർത്തനം കൊട്ടാരക്കരയിലെ കാമ്പസിലായിരിക്കും. ഇതുകൂടാതെ എനർജി മാനേജ്‌മെന്റ്, റേഡിയോ കമ്മ്യൂണിക്കേഷൻ, റോബോട്ടിക്സ് തുടങ്ങി പത്തോളം പങ്കാളിത്ത കമ്പനികൾക്കായുള്ള ഗവേഷണ വികസന പ്രവർത്തനവും ഇവിടെ സാദ്ധ്യമാകും.
ഇത് കൊട്ടാരക്കരയുടെ കഥയായി മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച്, കേരളത്തിലെ ചെറുതും വലുതുമായ നഗരങ്ങൾ ഉപയോഗപ്പെടുത്തേണ്ട സാദ്ധ്യതകളിലേക്കുള്ള വഴികാട്ടിയാണ്. അടിസ്ഥാന സൗകര്യങ്ങളുളള സ്ഥലത്ത് വലിയ ഒരു കമ്പനി വന്നാൽ മറ്റ് കമ്പനികളും പിന്നാലെയെത്തും. ഗവേഷണ- വികസന സ്ഥാപനങ്ങൾകൂടി വരികയാണെങ്കിൽ നേരിട്ടും അല്ലാതെയുമുള്ള തൊഴിലവസരങ്ങളിൽ വലിയ വർദ്ധനയുണ്ടാകും. ഇത് ആ പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് വഴിതെളിക്കും. മികച്ച തൊഴിൽതേടി അഭ്യസ്തവിദ്യർക്കും നൈപുണ്യമുള്ളവർക്കും മറ്റിടങ്ങളിലേക്ക് ചേക്കേറേണ്ടി വരികയുമില്ല. ചാലക്കുടിയിലെ ജോബിൻ ആൻഡ് ജിസ്മി, വയനാട്ടിലെ വോൺ ന്യൂ, തൃശ്ശൂർ കൊരട്ടിയിലെ വെബ് ആൻഡ് ക്രാഫ്റ്റ്സ്, ആലപ്പുഴയിലെ ടെക്‌ജെൻഷ്യ തുടങ്ങിയവ കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഇത്തരത്തിൽ മാതൃകയായ സ്ഥാപനങ്ങളാണ്.
നഗരകേന്ദ്രീകൃത വികസനത്തിൽ ഒരു പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനം സാദ്ധ്യമാകുമെങ്കിലും വലിയ തോതിലുള്ള മലിനീകരണം, ജലലഭ്യതയുടെ അഭാവം, ഗതാഗതക്കുരുക്ക്, ഉയർന്ന ജീവിതച്ചെലവുകൾ തുടങ്ങി നിരവധിയായ പ്രശ്നങ്ങളും രൂപപ്പെടും. ശുദ്ധവായുവിന്റെ കാര്യത്തിലും (എയർ ക്വാളിറ്റി ഇൻഡക്സ്) വൻകിട നഗരങ്ങളേക്കാൾ പതിന്മടങ്ങ് മുകളിലാണ് ചെറുനഗരങ്ങളും ഗ്രാമങ്ങളും. അതുകൊണ്ടുതന്നെ വികേന്ദ്രീകൃതമായ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ചെറിയ നഗരങ്ങളിലെയും ഗ്രാമപ്രദേശങ്ങളിലെയും തൊഴിൽ നൈപുണ്യമുള്ള മനുഷ്യവിഭവശേഷിയെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച തൊഴിലവസരം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്.
വികസനത്തിലെ
സുസ്ഥിര പാഠം
ഐടി, ഇലക്ട്രോണിക്സ്, അക്കാഡമിക് സേവന മേഖലകൾ, അക്കൗണ്ടിംഗ്, ശാസ്ത്ര സാങ്കേതികം, ഫുഡ് അഗ്രോ പാർക്കുകൾ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങൾക്ക് കേരളത്തിൽ വലിയ സാദ്ധ്യതയാണ് ഉള്ളത്. കേരളത്തിലെ മിക്കയിടങ്ങളിലും ലഭ്യമായ, ലോകത്തെ വൻകിട നഗരങ്ങൾക്കൊപ്പം നിൽക്കുന്ന ഉത്പന്ന പശ്ചാത്തല സൗകര്യങ്ങളെ അനുദിനം ശാക്തീകരിച്ച് ഇത്തരം വ്യവസായങ്ങളും കമ്പനികളും ആരംഭിക്കാനുള്ള പശ്ചാത്തലം ഒരുക്കിക്കൊടുക്കുകയെന്ന കർത്തവ്യം സർക്കാർ നിവേറ്റുന്നുണ്ട്. ഗാന്ധിജി വിഭാവനം ചെയ്ത സുസ്ഥിര വികസനത്തിലേക്കുള്ള സർക്കാരിന്റെ ചുവടുവയ്പാണിത്.
ദശാബ്ദങ്ങളായി ലോകത്തിന്റെ പല ഭാഗങ്ങളിലും മലയാളികൾ ജോലി ചെയ്യുന്നുണ്ട്. പുതിയ തലമുറയും വിദേശരാജ്യങ്ങളിൽ പോകുന്നുണ്ട്. ഇവരുടെയെല്ലാം അനുഭവപരിചയം നമുക്ക് പ്രയോജനപ്പെടുത്താനാകണം. തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സാഹചര്യവും അവസരങ്ങളും സൃഷ്ടിക്കാനും നമുക്ക് സാധിക്കും. ആശയങ്ങളാണ് പുതിയ കാലത്തെ ഏറ്റവും വലിയ മൂലധനം. കേരളത്തിന്റെ ഇപ്പോഴത്തെ വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ നിക്ഷേപ താത്പര്യമുള്ള ആഗോള കമ്പനികൾ ഏറെയാണ്. വികേന്ദ്രീകൃത മാതൃകയിൽ കൂടുതൽ വ്യവസായങ്ങളും കമ്പനികളും ചെറുകിട നഗരങ്ങളിൽക്കൂടി യാഥാർത്ഥ്യമാകുന്നതോടെ നഗര, ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തിന്റെ സാമൂഹ്യ- സാമ്പത്തിക ഘടന കൂടുതൽ ശക്തിപ്പെടും. കേരളം എല്ലാ അർഥത്തിലും ഒറ്റനഗരമായി മാറും!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |