കൊച്ചി: അന്തര്‍ദേശീയ മത്സരങ്ങള്‍ക്ക് വേദിയായ കൊച്ചി രാജ്യാന്തരസ്റ്റേഡിയത്തിലെ അഗ്‌നിശമന സംവിധാനങ്ങളില്‍ ഗുരുതര വീഴ്ചകള്‍. സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന 21 ഹോട്ടലുകള്‍ പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് സ്റ്റേഡിയത്തിന്റെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയാണെന്ന് അഗ്‌നിശമനസേനയുടെ ഫയര്‍ഓഡിറ്റില്‍ കണ്ടെത്തി. സ്റ്റേഡിയംപോലെ ജനങ്ങള്‍ തടിച്ചുകൂടുന്നയിടങ്ങളില്‍ സ്‌ഫോടനസാദ്ധ്യതയുള്ള വസ്തുക്കള്‍ പാടില്ലെന്ന പെട്രോളിയം എക്‌സ്പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് സ്റ്റേഡിയത്തില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനമെന്ന് പരിശോധനയില്‍ തെളിഞ്ഞു.
ചെറുതുംവലുതുമായ 21 ഹോട്ടലുകളില്‍ പകുതിയോളം ഭക്ഷണശാലകളാണ് ഇന്നലെ പരിശോധിച്ചത്. ഇവയില്‍മാത്രം 24 സിലിണ്ടറുകള്‍ കണ്ടെത്തി. വൈകിട്ട് തുറക്കുന്ന ഭക്ഷണശാലകളിലുള്‍പ്പെടെ 50ലേറെ സിലിണ്ടറുകളാണുള്ളത്. ഇവയെല്ലാം 19 കിലോതൂക്കമുള്ള വാണിജ്യസിലിണ്ടറുകളാണ്. പാചകത്തിനായി ഹോട്ടലുകള്‍ക്കുള്ളില്‍ത്തന്നെയാണ് ഇവ സൂക്ഷിക്കുന്നത്. പെസോയുടെ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിതെന്ന് അഗ്‌നിശമനസേന വ്യക്തമാക്കി. ഗാലറിയിലുള്‍പ്പെടെ ഒരേസമയം 40,000പേര്‍ക്ക് കളികാണാന്‍ ശേഷിയുള്ള കലൂര്‍സ്റ്റേഡിയത്തിന്റെ സുരക്ഷയ്ക്ക് ഇത് ഭീഷണി ഉയര്‍ത്തുന്നു.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കഫേയിലെ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് അന്യസംസ്ഥാനതൊഴിലാളി മരിച്ചതും തൊഴിലാളികള്‍ക്ക് പരിക്കേറ്റതും. തുടര്‍ന്ന് സ്റ്റേഡിയത്തിലെ അഗ്‌നിശമന സംവിധാനങ്ങളെപ്പറ്റി ജില്ലാഫയര്‍ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. രാജേഷ്‌കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കെ. സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
സ്റ്റേഡിയത്തിലെ ഹൈഡ്രന്റ് സംവിധാനവും പമ്പുകളും പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ സ്മാേക്ക് ഡിക്‌റ്റേറ്റിംഗ് സംവിധാനവും ഫയര്‍അലാം പാനലും പ്രവര്‍ത്തിക്കുന്നില്ലെന്ന് തെളിഞ്ഞു. ഓഡിറ്റോറിയത്തിലെ കണ്‍ട്രോള്‍റൂമില്‍ സുരക്ഷാഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ല. ഓഡിറ്റോറിയത്തിന്റെ ഉടമയായ വിശാലകൊച്ചി വികസന അതോറിട്ടിയുടെ ( ജി.സി.ഡിഎ) ഉദ്യോഗസ്ഥരും അഗ്‌നിശമനസേനയ്‌ക്കൊപ്പം പരിശോധനയില്‍ പങ്കെടുത്തു. ഫയര്‍ഓഡിറ്റ് റിപ്പോര്‍ട്ട് ജില്ലാ ഫയര്‍ഓഫീസര്‍ക്കും ജി.സി.ഡി.എയ്ക്കും സമര്‍പ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |