ന്യൂഡൽഹി: ഒാണത്തിന് വിലക്കയറ്റം പിടിച്ചു നിറുത്താൻ മുൻഗണനേതര വിഭാഗങ്ങൾക്ക് വിലക്കുറവിൽ അരിയും ഗോതമ്പും അഞ്ചു കിലോവീതം അധികമായി നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. കേരളത്തിന് മാത്രമായി അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഡൽഹിയിൽ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി പ്രൾഹാദ് ജോഷിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അധിക വിഹിതം ആവശ്യപ്പെട്ടത്.
നിലവിൽ മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് കാർഡുകാർക്ക് മാത്രമേ എൻ.എഫ്.എസ്.എ നിയമപ്രകാരമുള്ള റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുള്ളൂ. ടൈഡോവർ വിഹിതത്തിൽ നിന്നാണ് മുൻഗണനേതര വിഭാഗങ്ങൾക്ക് കിലോയ്ക്ക് 8.30 രൂപയ്‌ക്ക് അരി നൽകുന്നത്. അല്ലെങ്കിൽ 28 രൂപയ്‌ക്ക് നൽകേണ്ടി വരും. മുമ്പ് ടൈഡോവർ വിഹിതത്തിൽ നിന്ന് നൽകിയിരുന്ന ഗോതമ്പ് വിതരണം പുന:സ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല.
കേരളത്തിലെ പൊതുവിതരണ വകുപ്പിന്റെ 60-ാം പിറന്നാൾ ആഘോഷത്തിന്റെ സമാപനത്തിന് പ്രൾഹാദ് ജോഷിയെ മന്ത്രി അനിൽ ക്ഷണിച്ചു. കേരളത്തിന് അനുവദിച്ച മണ്ണെണ്ണ എടുക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്‌ചയിൽ ആവശ്യപ്പെട്ടെന്നും മന്ത്രി അറിയിച്ചു.
ഇ-പോസ് സമയം നീട്ടി
ഇ-പോസ് യന്ത്രം എൽ 1ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സെപ്‌തംബർ 30വരെ സമയം അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചു. ജൂൺ 30 വരെയായിരുന്നു സമയം. ലീഗൽ മെട്രോളജി വകുപ്പിൽ വേബ്രിഡ്‌ജ് വെരിഫിക്കേഷൻ കിറ്റും പുതിയ വാഹനങ്ങളും അനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |