തിരുവനന്തപുരം: പൊലീസ് മേധാവിയായി ചുമതലയേറ്റശേഷം റവാഡ ചന്ദ്രശേഖർ പൊലീസ് ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തുന്നതിനിടെ റിട്ട. എ.എസ്.ഐ കടന്നുകയറി ബഹളം വച്ചത് നാടകീയ രംഗങ്ങൾക്കിടയാക്കി. സംഭവം സുരക്ഷാവീഴ്ചയാണെന്ന് കണ്ട് എ.ഐ.ജി പൂങ്കുഴലി അന്വേഷണം തുടങ്ങി.
കണ്ണൂർ പിണറായി സ്വദേശിയായ വി.പി.ബഷീറാണ് ഒരുകെട്ട് പേപ്പറുകളുമായി ബഹളം വച്ചത്. ഡി.ജി.പിക്ക് സമീപത്തെത്തും മുമ്പ് ഇയാളെ പൊലീസുകാർ തടഞ്ഞ് ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിനുശേഷം വൈകിട്ട് ആറരയോടെ സുഹൃത്തിനൊപ്പം വിട്ടയച്ചു. കേസെടുത്തിട്ടില്ല. ബഷീറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
2023ൽ കണ്ണൂർ ഡി.ഐ.ജി ഓഫീസിലെ എ.എസ്.ഐയായി വിരമിച്ച ബഷീർ ഞായറാഴ്ചയാണ് തിരുവനന്തപുരത്ത് എത്തിയത്. പുതിയ ഡി.ജി.പി ചുമതലയേൽക്കുന്നതറിഞ്ഞ് ഇന്നലെ രാവിലെ പൊലീസ് ആസ്ഥാനത്തെത്തി. പെൻഷനറുടെ തിരിച്ചറിയൽ കാർഡുപയോഗിച്ച് അകത്തു കയറി. റവാഡയ്ക്കൊപ്പം കണ്ണൂരിൽ ജോലി ചെയ്തിരുന്നയാളാണെന്നും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നെന്നുമാണ് ഗേറ്റിലെ പരിശോധനയിൽ പറഞ്ഞത്.
തുടർന്ന് വെയിറ്റിംഗ് റൂമിലിരുന്നു. മാദ്ധ്യമ പ്രവർത്തകർക്കൊപ്പമാണ് വാർത്താസമ്മേളന ഹാളിലേക്ക് കടന്നത്. പൊലീസ് പിടികൂടിയപ്പോൾ മാദ്ധ്യമ പ്രവർത്തകനാണെന്നും ഗൾഫിലെ ഓൺലൈൻ പോർട്ടലിൽ ജോലി ചെയ്യുകയാണെന്നും പറഞ്ഞു. എന്നാൽ, ഇത് തെറ്റാണെന്ന് പൊലീസ് അറിയിച്ചു.
'30 വർഷം കാക്കിയിട്ട
വേദനയിൽ പറയുകയാണ്...'
‘‘മുഖ്യമന്ത്രിക്ക് ഞാൻ പരാതി കൊടുത്തിരുന്നു. 30 വർഷം കാക്കിയിട്ട വേദനകൊണ്ട് പറയുകയാണ്. ഇതിനു മറുപടി തരൂ''- ഇങ്ങനെപറഞ്ഞ് ഏതാനും പേപ്പറുകൾ ഉയർത്തിക്കാട്ടിയാണ് ഡി.ജി.പിക്ക് മുന്നിൽ ബഷീർ ബഹളംവച്ചത്. പ്രശ്നം പരിഹരിക്കാമെന്ന് ഡി.ജി.പി ഉറപ്പുനൽകി. 2021ൽ കണ്ണൂർ കണ്ണവം സ്റ്റേഷനിൽ ജോലി ചെയ്യവേ സി.പി.എമ്മുകാരുടെ മർദ്ദനമേറ്റിരുന്നു. ഇതിൽ ബഷീറിന്റെ പരാതിയിൽ കേസെടുത്തു. അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി പിന്നീട് ഡി.ജി.പിക്ക് പരാതി നൽകി. തുടർന്ന് അന്വേഷണം കൂത്തുപറമ്പ് ഡിവൈ.എസ്.പിക്ക് കൈമാറി. ഈ കേസിൽ കോടതിയിൽ വിചാരണ പുരോഗമിക്കുകയാണ്. നരിവേട്ട സിനിമയിൽ തന്റെ പേര് അനാവശ്യമായി ഉപയോഗിച്ചെന്നും നടപടിയെടുക്കണമെന്നും ചോദ്യം ചെയ്യലിനിടെ ബഷീർ പൊലീസിനോട് പറഞ്ഞു. മൂന്നുപേജുള്ള പരാതി എഴുതിവാങ്ങിയാണ് ബഷീറിനെ വിട്ടയച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |