ധാക്ക: കോടതിയലക്ഷ്യവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസത്തെ തടവ്. അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലാണ് (ഐസിടി) ശിക്ഷ വിധിച്ചത്. ജസ്റ്റിസ് ഗൊലാം മൊർതുസ മസുംദാർ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഇന്ന് വിധി പുറപ്പെടുവിച്ചത്. ഇതേ കേസിൽ ഗൈബന്ധയിലെ ഗോവിന്ദഗഞ്ചിലെ ഷക്കീല്‍ അകന്ദ് ബുള്‍ബുളിന് രണ്ട് മാസം തടവുശിക്ഷയും കോടതി വിധിച്ചു.
ബംഗ്ലാദേശിൽ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായാണ് ഷെയ്ഖ് ഹസീന ശിക്ഷ നേരിടുന്നത്. 2024ലാണ് ഭരണ വിരുദ്ധ വികാരത്തെ തുടർന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഹസീന രാജ്യത്ത് നിന്ന് പലായനം ചെയ്തത്. അതിനുശേഷം ഇന്ത്യയിൽ കഴിയുകയാണ് ഇവര്‍. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികളിലുള്‍പ്പെടെ നിരവധി കേസുകൾ ഷെയ്ഖ് ഹസീനയുടെ പേരിലുണ്ട്.
ഫോൺ കോളിലൂടെ കോടതിയെ ദുർബലപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ പുറപ്പെടുവിച്ചുവെന്ന കേസിലാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നടപടി. 2024ൽ ഒരു വിദ്യാർത്ഥി നേതാവിനോട് ഷെയ്‌ഖ് ഹസീന ഫോണിലൂടെ സംസാരിച്ചതിന്റെ റെക്കാർഡിംഗ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തനിക്കെതിരെ 227 കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അതിനാൽ 227 പേരെ കൊല്ലാനുള്ള ലൈസൻസ് ലഭിച്ചുവെന്നാണ് ഷെയ്ഖ് ഹസീന പറഞ്ഞത്. നിയമവ്യവസ്ഥയെ അപകീർത്തിപ്പെടുത്താനുള്ള ഗുരുതരമായ ശ്രമമായാണ് ഷെയ്ഖ് ഹസീനയുടെ പ്രസ്താവനയെ ട്രൈബ്യൂണൽ വിലയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |