ന്യൂഡൽഹി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പ്രകടനം കാര്യമാക്കാതെ തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്നോട്ട് പോകാൻ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. സംസ്ഥാനത്ത് ഒറ്റക്കെട്ടായി പാർട്ടിയെ കൊണ്ടുപോകണമെന്നും നിർദ്ദേശിച്ചതായി അറിയുന്നു.
ചുമതലയേറ്റ ശേഷമുള്ള ആദ്യ ഉപ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി വൻ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് രാജീവ് ചന്ദ്രശേഖറിന് വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം ഡൽഹിയിൽ കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയിൽ രാജീവ് ചന്ദ്രശേഖർ പരാജയത്തിന്റെ കാരണങ്ങളും അറിയിച്ചു.
നിലമ്പൂരിലെ ജയം
ജമാഅത്തെയ്ക്കൊപ്പം
ജമാ അത്തെ ഇസ്ലാമിയുടെ സഹായത്തോടെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ പത്രസമ്മേളനത്തിൽ പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനും എതിരാണെന്ന് പരസ്യമായി പറഞ്ഞ സംഘടനയാണ് ജമാഅത്തെ ഇസ്ളാമി.ഒരു കൈയ്യിൽ ഭരണഘടനയും മറു കൈയ്യിൽ ജമാഅത്തെ ഇസ്ലാമിയെയും ചേർത്ത് രാഹുൽഗാന്ധിയും കോൺഗ്രസും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.
എൽ.ഡി.എഫ് സർക്കാർ വിമർശിക്കുന്നവരെ ഭീഷണിപ്പെടുത്തി വായടപ്പിക്കുകയാണ്. ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞ ഡോക്‌ടറെ നിശബ്‌ദനാക്കാനാണ് നീക്കം. ആരോഗ്യമേഖലയിൽ സംസ്ഥാന സർക്കാർ കാര്യമായ ഒരു നിക്ഷേപവും നടത്തിയിട്ടില്ല. 80 ശതമാനവും കേന്ദ്ര ഫണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |