ന്യൂഡൽഹി: ജൂലായ് 9വരെ നീളുന്ന അഞ്ച് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനത്തിന് തുടക്കം. രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്നലെ ഘാന തലസ്ഥാനമായ അക്രയിൽ വിമാനമിറങ്ങി.അക്ര വിമാനത്താവളത്തിൽ ഘാന പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമ പ്രധാനമന്ത്രിയെ പ്രോട്ടോക്കോൾ മറികടന്ന് സ്വീകരിക്കാനെത്തി.മോദിത്ത് ഗാർഫ് ഒഫ് ഓണർ നൽകി. ഹോട്ടലിൽ എത്തിയ ഘാനയിലെ ഇന്ത്യൻ വംശജരുമായി പ്രധാനമന്ത്രി സംവദിച്ചു. പ്രധാനമന്ത്രിയുടെ ആദ്യ ഘാന സന്ദർശനമാണ്.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജന്റീന, ബ്രസീൽ, നമീബിയ എന്നീ അഞ്ച് രാഷ്ട്രങ്ങളും അദ്ദേഹം സന്ദർശിക്കും. ജൂലായ് 6-7 തീയതികളിൽബ്രസീലിലെ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലും പങ്കെടുക്കും.
പ്രസിഡന്റ് ജോൺ ഡ്രമാനി മഹാമയുടെ ക്ഷണപ്രകാരമുള്ള ഘാന സന്ദർശനം ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്ര ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് ഇന്നലെ രാവിലെ ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടും മുൻപ് പ്രധാനമന്ത്രി പറഞ്ഞു. ഗ്ലോബൽ സൗത്തിലെ ഒരു വിലപ്പെട്ട പങ്കാളിയാണ് ഘാന, ആഫ്രിക്കൻ യൂണിയനിലും എക്കണോമിക് കമ്മ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സിലും നിർണായക പങ്കുണ്ട്. നിക്ഷേപം, ഊർജ്ജം, ആരോഗ്യം, സുരക്ഷ, ശേഷി വർദ്ധിപ്പിക്കൽ, വികസന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു. ഘാന പാർലമെന്റിൽ സംസാരിക്കുമെന്നും അത് ഒരു ബഹുമതിയായി കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഇന്ന് ഘാനയിൽ നിന്ന് ട്രിനിഡാഡ്-ടൊബാഗയിലേക്ക് പോകും. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ പ്രസിഡന്റ് ക്രിസ്റ്റീൻ കാർല കംഗലൂവ്, പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |