ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്ക് വിരാമം. മരണശേഷം തനിക്ക് പിൻഗാമിയുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ടിബറ്റൻ ആത്മീയനേതാവ് ദലൈലാമ. ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റ് ഒരു സ്വതന്ത്ര ദേശത്തുനിന്ന് പിൻഗാമിയെ കണ്ടെത്തുമെന്നും അതിൽ ചൈനയ്‌ക്ക് പങ്കുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പരമ്പരാഗതരീതിയിൽ ചില വ്യത്യാസങ്ങളുണ്ടാകാം. പുതിയ ലാമ ഒരു മുതിർന്ന വ്യക്തിയായിരിക്കും. പുരുഷൻ തന്നെയാകണമെന്ന് നിർബന്ധമില്ലെന്നും വ്യക്തമാക്കി. പിൻഗാമിയെ തങ്ങൾ നിശ്ചയിക്കുമെന്ന ചൈനീസ് സർക്കാരിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് ട്രസ്റ്റിനല്ലാതെ മറ്റാർക്കും ഇടപെടാൻ അധികാരമില്ലെന്ന് ദലൈലാമ വ്യക്തമാക്കിയത്. പാരമ്പര്യം തുടരണോയെന്നത് ടിബറ്റൻ ജനത തീരുമാനിക്കുമെന്നതും തന്റെ 90-ാം വയസിൽ അക്കാര്യം തീർപ്പാക്കുമെന്നതും മുൻനിശ്ചയിച്ച കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പിൻഗാമിയെ സ്വർണക്കലശത്തിൽ നിന്ന് നറുക്കെടുത്ത് തീരുമാനിക്കുമെന്നാണ് ചൈനീസ് സർക്കാർ അറിയിച്ചിരുന്നത്. ടിബറ്റൻ പ്രവാസ പാർലമെന്റ്, സെൻട്രൽ ടിബറ്റൻ അഡ്മിനിസ്‌ട്രേഷൻ, ഹിമാലയൻ മേഖലയിലെ സന്നദ്ധ സംഘടനകൾ, ബുദ്ധിസ്റ്റ് റിപ്പബ്ലിക് ഒഫ് റഷ്യൻ ഫെഡറേഷൻ, ചൈന അടക്കം ഏഷ്യൻ രാജ്യങ്ങളിലെ ബുദ്ധമത സമൂഹങ്ങൾ എന്നിവ 'ദലൈലാമ" പാരമ്പര്യം തുടരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ ദലൈലാമയുടെ 90-ാം പിറന്നാൾ ആഘോഷങ്ങൾക്ക് ഇന്നലെ തുടക്കമായി. ഹിമാചൽ പ്രദേശിൽ ധരംശാലയിലെ മക്‌ലിയോഡ്ഗഞ്ചിലുള്ള ആസ്ഥാനത്ത് നടക്കുന്ന ആഘോഷത്തിൽ നൂറിലധികം സന്യാസിമാരാണ് പങ്കെടുക്കുന്നത്. 6നാണ് ജന്മദിനം.
ടക്‌സ്റ്ററിൽ നിന്ന്
ധരംശാലയിലേക്ക്
ഉത്തര ടിബറ്റിലെ ടക്സ്റ്റർ സ്വദേശിയായ ടെൻസിൻ ഗ്യാട്‌സോയാണ് 1940ൽ ലാസയിലെ പൊട്ടാല കൊട്ടാരത്തിൽവച്ച്
14-ാം ദലൈലാമയായി അവരോധിക്കപ്പെട്ടത്
ബ്രിട്ടന്റെയും ചൈനയുടെയും പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്
ചൈന ടിബറ്റ് കൈയടക്കിയതോടെ അനുയായികൾക്കൊപ്പം 1959ൽ ഇന്ത്യയിലേക്ക് പലായനം ചെയ്തു. 1960ൽ ധരംശാലയിൽ സെൻട്രൽ ടിബറ്റൻ അഡ്മിനിസ്‌ട്രേഷൻ എന്ന പേരിൽ ഭരണസംവിധാനം തുടങ്ങി
2011ൽ ഭരണപരമായ ചുമതലകളിൽ നിന്ന് അദ്ദേഹം പിന്മാറി.
നിലവിൽ ഭരണം കഷാഗ് എന്ന മന്ത്രിസഭ. കലോൻ കൃപയാണ് നേതാവ്
1989ൽ ദലൈലാമയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു
ഗാഡെൻ ഫോഡ്രാങ് ട്രസ്റ്റ്
മത, സാംസ്കാരിക, മാനുഷിക പ്രവർത്തനങ്ങൾക്കായി ദലൈലാമ 2011ൽ സ്ഥാപിച്ച ചാരിറ്റി സംഘടന. ധർമ്മശാലയിൽ ദലൈലാമയുടെ ആസ്ഥാനത്ത് പ്രവർത്തിക്കുന്നു. മുതിർന്ന സന്യാസിമാരും ദലൈലാമയുടെ അടുത്ത സഹായികളും ഉൾപ്പെടുന്ന സംവിധാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |