തൃശൂർ: പാട്ടുപാടിയും ഇടയ്ക്കയും ഗിറ്റാറും കീബോർഡും വായിച്ചും പാട്ടിന്റെ ലോകത്ത് നിറഞ്ഞ അനൂപ് വെള്ളാറ്റഞ്ഞൂർ (41) എന്തിന് ജീവിതം മതിയാക്കി മടങ്ങി? ആർക്കും ഉത്തരമില്ല. മരണത്തിൽ ഉത്തരവാദികളില്ലെന്ന ചെറുകുറിപ്പാണ് അവസാനം എഴുതിവച്ചതെന്നും ദുരൂഹതയില്ലെന്നും പൊലീസ് ആവർത്തിക്കുന്നു. മാനസികപ്രശ്‌നങ്ങളോ സാമ്പത്തിക ബാദ്ധ്യതകളോ ഒന്നുമില്ലാതെ സന്തോഷവാനായിരുന്നുവെന്ന് അദ്ധ്യാപകരും. ഈയടുത്താണ് ഹയർസെക്കൻഡറിയിലേക്കുള്ള സ്ഥാനക്കയറ്റം. മേയിൽ പുതിയ കാർ വാങ്ങി. തൃശൂരിലെ ഇലഞ്ഞിക്കൂട്ടം ബാൻഡിന്റെ അമരക്കാരനായതിനാൽ സുഹൃത്തുക്കളുമേറെ. സുഹൃത്തുക്കളോടൊപ്പം ഷോപ്പിംഗ് മാളിൽ പോയശേഷം അദ്ദേഹത്തെ തൃശൂരിലെ തന്റെ സ്റ്റുഡിയോ പ്രവർത്തിക്കുന്ന ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശൂർ വിവേകോദയം ഹയർസെക്കൻഡറി സ്‌കൂളിലെ ഗാന്ധിയൻ സ്റ്റഡീസ് അദ്ധ്യാപകനായ അനൂപ്, ഞായറാഴ്ച തന്റെ നാടായ വെള്ളാറ്റഞ്ഞൂർ വികസനസമിതിയോഗത്തിന്റെ കലാവിരുന്നിൽ പാട്ടുപാടിയിരുന്നു.
തിങ്കളാഴ്ച സ്‌കൂളിലെത്തി ക്ലാസെടുത്തു. ചൊവ്വാഴ്ച സ്വയം മരണത്തിലേക്ക് മടങ്ങി. ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നതും അനൂപായിരുന്നു. 2022 മുതൽ 2024 വരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇരു ടീമുകൾക്കും എ ഗ്രേഡായിരുന്നു. ചെണ്ടയിലെ കുലപതി മൂത്തമന കേശവൻ നമ്പൂതിരിയുടെ പേരക്കുട്ടിയുടെ മകനാണ്. സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത് ഹാർമോണിയം കലാകാരനും നാടകഗാനഗായകനുമായ പിതൃസഹോദരൻ കേശവൻ വെള്ളാറ്റഞ്ഞൂരിൽനിന്നാണ്.
വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂർ ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പാർവതി (ആയുർവേദ ഡോക്ടർ). മക്കൾ പാർവണയും പാർത്ഥിപും വിദ്യാർത്ഥികളാണ്. സംസ്‌കാരം വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ നടത്തി.
മന്ത്രി ആർ. ബിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പ്രിയപ്പെട്ട അനൂപ്, അനുഗൃഹീതമായ ജീവിതം എന്തിനാണ് പാതിവഴിയെത്തും മുൻപ് അവസാനിപ്പിച്ചത്? വിദ്യാർത്ഥികളുടെ സ്‌നേഹം ആവോളം ലഭിച്ചിരുന്നു. അവരുടെ ഉറ്റ ചങ്ങാതിയായ മാഷായി എത്ര പേരെ പ്രചോദിപ്പിച്ചു! വിവേകോദയം സ്‌കൂളിലെ കുട്ടികളെ സംസ്ഥാന യുവജനോത്സവമുൾപ്പടെയുള്ളവയിൽ പരിപാടികൾ അവതരിപ്പിക്കാൻ പരിശീലിപ്പിച്ച ഗുരുവാണ് നിങ്ങൾ. കേരളവർമ്മ കോളേജിൽ ഗസ്റ്റ് ലക്ചറർ ആയിരിക്കേ ഞങ്ങൾ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും ജീവിതത്തിൽ സംഗീതവും പ്രകാശവും നിറച്ചതും നിങ്ങൾ. എല്ലാവരുടെയും മനം കവർന്ന സ്‌നേഹഭാജനമായിരുന്ന നിങ്ങൾ എന്തിനിത് ചെയ്തു എന്നറിയില്ല. അവസാനം കണ്ടത് തൃശൂർ പൂരത്തിന് തെക്കേ ഗോപുരനടയിൽ കുട്ടികളോടൊപ്പം ഗിറ്റാർ മീട്ടി പാട്ടുപാടി ചാനൽ പരിപാടിയിൽ നിറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |