കൊച്ചി: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിൽ നടപ്പാക്കുന്ന, കൃത്രിമ ബീജദാനത്തിലൂടെ പശുക്കുട്ടികളെ മാത്രം ഉത്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ എറണാകുളം ജില്ലയിലും വ്യാപകമാക്കും. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട 25 കേന്ദ്രങ്ങളിൽ മാത്രം നടപ്പിലാക്കിവരുന്ന പദ്ധതി ആവശ്യം അനുസരിച്ച് മറ്റ് മൃഗാശുപത്രികളിലേക്കും വ്യാപിപ്പിക്കും.
ഫ്‌ളോസൈറ്റോമെട്രി എന്ന സാങ്കേതികവിദ്യയിലൂടെ ബീജാണുക്കളിൽ നിന്ന് മൂരിക്കുട്ടി ജനിക്കാൻ സാദ്ധ്യതയുള്ള വൈ (y) ക്രോമസോം വേർതിരിച്ച്, പശുക്കിടാവിന് മാത്രം ജന്മം നൽകുന്ന എക്‌സ് (x) ക്രോമസോം ഉപയോഗിച്ചുള്ള കൃത്രിമ ബീജസങ്കലനത്തിലൂടെയാണ് നേട്ടം കൈവരിക്കുന്നത്. ആഗോളതലത്തിൽ ഏതാനും കമ്പനികളിൽ മാത്രമാണ് ബീജത്തിന്റെ ലിംഗനിർണയം നടത്തുന്നത്. വൈ ക്രോമസോം നീക്കം ചെയ്ത ഓരോ ഡോസിലുമുള്ള ബീജാണുക്കളുടെ എണ്ണത്തിലെ കുറവ് കാരണം സാധാരണയുള്ളതിനേക്കാൾ ഗർഭധാരണ നിരക്ക് കുറയാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് കൃത്യമായ മദി ഘട്ടത്തിൽ തന്നെ ബീജാധാനം നടത്താൻ ശ്രദ്ധിക്കണം എന്നതാണ് പദ്ധതിയുടെ പ്രധാന വെല്ലുവിളി. പദ്ധതിയിലൂടെ പശുക്കിടാങ്ങൾ മാത്രം ജനിക്കാനുള്ള സാദ്ധ്യത 90 ശതമാനമാണ്.
പൂർണ ആരോഗ്യമുള്ള കിടാരികളെയോ അല്ലെങ്കിൽ ആദ്യ മൂന്ന് പ്രസവം വരെ 10 മുതൽ 20 ലിറ്റർ വരെ പാലുള്ള പശുക്കളെയോ ആണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക. ലിംഗനിർണയം നടത്തിയ ബീജമാത്രകൾ ഉപയോഗിച്ച് പശുക്കളിൽ ബീജാധാനം നടത്താൻ ആഗ്രഹിക്കുന്ന എല്ലാ ക്ഷീരകർഷകരും അതത് മൃഗാശുപത്രിയിൽ രജിസ്റ്റർ ചെയ്യണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
ജില്ലയിൽ പദ്ധതി സെന്റർ
മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്ക്
കോതമംഗലം, കൂത്താട്ടുകുളം, വാളകം, ആലങ്ങാട് മൃഗാശുപത്രികൾ
എടക്കാട്ടുവയൽ, ചെറായി, കൊമ്പനാട്, മുടക്കുഴ, പുത്തൻവേലിക്കര, കീഴ്മാട്, അരയൻകാവ്, മലയാറ്റൂർ, പനങ്ങാട് വെറ്ററിനറി ഡിസ്‌പെൻസറികൾ
നെല്ലാട്, തുരുത്തി, പല്ലാരിമംഗലം, എടവൂർ, ഇരിങ്ങോൾ, ഉപ്പുകണ്ടം, പോത്താനിക്കാട്, കുത്തുകുഴി, പെരുനീർ, ജോൻപ്പടി വെറ്ററിനറി സബ് സെന്ററുകൾ
പണം തിരികെ നൽകും
രണ്ട് കുത്തിവയ്പ്പുകൾക്ക് 500 രൂപയാണ് കർഷകർ നൽകേണ്ടത്. ഗർഭധാരണം നടന്നില്ലെങ്കിൽ തുക കെ.എൽ.ഡി. ബോർഡ് കർഷകർക്ക് തിരികെ നൽകും. പദ്ധതിയുടെ കീഴിൽ ജനിക്കുന്ന എല്ലാ കന്നുകുട്ടികൾക്കും മികച്ച വെറ്ററിനറി സേവനം ലഭിക്കുന്നതിന്, ജനിച്ച് 15 ദിവസത്തിനുള്ളിൽ ഭാരത് പശുധാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |