കുറച്ചു മാസം മുമ്പ്, ഡൽഹിയിൽ വച്ച് ഉന്നതപദവിയിലുള്ള ഒരു യൂറോപ്യൻ മന്ത്രിയെ ഞാൻ കണ്ടിരുന്നു. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് വിപ്ലവം അവരെ അത്ഭുതപ്പെടുത്തി. ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങൾ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് പണം കൈമാറുന്ന രീതിയാണ് അവരെ ഏറെ ആകർഷിച്ചത്. ചെറിയ ഗ്രാമങ്ങൾ മുതൽ വൻ നഗരങ്ങൾ വരെ, ചായക്കടക്കാർ മുതൽ വ്യാപാരികൾ വരെ ഡിജിറ്റൽ പണമിടപാടുകൾ സുഗമമായി നടത്തുന്നു. പക്ഷേ, അവർക്ക് ഒരു ചോദ്യമുണ്ടായിരുന്നു: ഭാഷയിലും ഭൂമിശാസ്ത്രത്തിലും ഇത്രയും വൈവിദ്ധ്യമുള്ള ഇന്ത്യ എങ്ങനെയാണ് ഈ മുന്നേറ്റം സാദ്ധ്യമാക്കിയത്?
ഞാൻ അവർക്ക് 500 രൂപയുടെ ഒരു കറൻസി നോട്ട് കാണിച്ചു കൊടുത്തു. 'അഞ്ഞൂറ് രൂപ" എന്നത് പതിനേഴ് ഭാഷകളിൽ എഴുതിയിരിക്കുന്നു. നമ്മുടെ ദാർശനിക നേതൃത്വം സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഈ വൈവിദ്ധ്യത്തെ പരിഹരിക്കുന്നു. ഈ സർവാശ്ലേഷി മനോഭാവമാണ് സാങ്കേതികവിദ്യയോടുള്ള നമ്മുടെ സമീപനത്തെ നിർവചിക്കുന്നത്. കടയിലെ സ്പീക്കറിൽ കേൾക്കുന്ന പേമെന്റ് അലേർട്ടുകൾ മുതൽ തത്ക്ഷണ എസ്.എം.എസ് സ്ഥിരീകരണങ്ങൾ വരെ, ഈ സംവിധാനം തടസരഹിതവും ലളിതവുമായി രൂപകല്പന ചെയ്‌തിരിക്കുന്നു. BHIM ഇരുപത് ഭാഷകളിലും, UMANG പതിമൂന്ന് ഭാഷകളിലും പ്രവർത്തിക്കുന്നു. ഇവയെല്ലാം നമ്മുടെ ഒരേ തരത്തിലുള്ള സർവാശ്ലേഷി മനോഭാവം പ്രതിഫലിപ്പിക്കുന്നു.
പരിവർത്തനം,
പത്തു വർഷം
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പത്തുവർഷം ആഘോഷിക്കുന്ന വേളയിൽ, ഈ പരിവർത്തനം അഭിമാനകരമായൊരു നേട്ടമായി നിലകൊള്ളുന്നു. നമുക്കു മുന്നിലുള്ള അവസരങ്ങൾ വളരെ വിപുലമാണ്. അന്ത്യോദയ എന്ന സ്വപ്നം (അവസാനത്തെ വ്യക്തിയ്ക്കും അന്തസും അവസരവും) നമ്മെ മുന്നോട്ട് നയിക്കുന്നു. പത്തുവർഷം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച വ്യക്തമായ ആശയത്തോടെയാണ് ഈ പ്രയാണത്തിന് തുടക്കം കുറിച്ചത്. ജനസംഖ്യയ്ക്ക് ആനുപാതികമായ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുക എന്ന ആശയം- ഇന്ന് ലോകം അംഗീകരിക്കുന്ന ഇന്ത്യാ സ്റ്റാക്കിന്റെ സൃഷ്ടിയിലേക്ക് നയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിറ്റി സിസ്റ്റമായ 'ആധാർ" ആണ് ഇതിന്റെ കേന്ദ്രബിന്ദു. ഇത് 140 കോടി ജനങ്ങൾക്ക് ഒരു അദ്വിതീയ ഡിജിറ്റൽ ഐഡന്റിറ്റി നൽകുന്നു. ഒരു ദിവസം ഒമ്പത് കോടിയിലധികം ആധാർ പ്രാമാണീകരണങ്ങൾ നടക്കുന്നു. അവശ്യ സേവനങ്ങളിൽ വേഗതയും വിശ്വാസ്യതയും ഉറപ്പാക്കുന്നു. ഡിജിലോക്കർ ഭരണനിർവഹണം ലളിതമാക്കുകയും പൗരന്മാരുടെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു ക്ലിക്ക് അകലെ മാത്രമാണ് നിങ്ങളുടെ രേഖകൾ. ഡ്രൈവിംഗ് ലൈസൻസോ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോ മറ്റ് അവശ്യ രേഖകളോ ആകട്ടെ- ദശലക്ഷക്കണക്കിന് ആളുകൾ ഇപ്പോൾ അവ സുരക്ഷിതമായും സൗകര്യപ്രദമായും കൊണ്ടു നടക്കുന്നു.
മൊബൈൽ
വിപ്ളവം
മൊബൈൽ ഫോണുകളുടെ വ്യാപകമായ ഉപയോഗമില്ലാതെ ഇതൊന്നും സാദ്ധ്യമാകുമായിരുന്നില്ല. ഇന്ന്, ഇന്ത്യയിലെ ഏകദേശം 90 ശതാമാനം പേരും മൊബൈൽ ഉപയോഗിക്കുന്നു. ഇത് സാങ്കേതികവിദ്യയുടെ ശക്തി നേരിട്ട് ജനങ്ങളിൽ എത്തിക്കുന്നു. യു.പി.ഐ ഇതിനകം ഏഴു രാജ്യങ്ങളിൽ പ്രാബല്യത്തിലുണ്ട്. പല രാജ്യങ്ങളും ഇത് സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കുന്നതിനായി ആരംഭിച്ച ദൗത്യം ഇപ്പോൾ ലോകത്തെ പ്രചോദിപ്പിക്കുകയാണ്. 55 കോടിയിലധികം 'ജൻ ധൻ" അക്കൗണ്ടുകൾ തുറക്കുകയും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം മുഖേന 44 ലക്ഷം കോടി രൂപ വിതരണം ചെയ്യുകയും ചെയ്തു. പത്തു കോടിയിലധികം എൽ.പി.ജി കണക്ഷനുകളും ആരോഗ്യ ആനുകൂല്യങ്ങളും നേരിട്ട് വിതരണം ചെയ്തു.
MyGov, UMANG പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ പൗരന്മാരെ രണ്ടായിരത്തിലധികം സർക്കാർ സേവനങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ ദേശീയ ടെലി-മെഡിസിൻ പ്ലാറ്റ്‌ഫോമായ ഇ-സഞ്ജീവനി 38 കോടി ഡോക്ടർ കൺസൾട്ടേഷനുകൾ സാദ്ധ്യമാക്കി. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) ഓരോ പൗരനും ഒരു സവിശേഷ ഡിജിറ്റൽ ഹെൽത്ത് ഐഡി സൃഷ്ടിച്ചു. 79 കോടിയിലധികം ഹെൽത്ത് ഐഡികൾ, ആറു ലക്ഷം ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകൾ, 60 കോടി ആരോഗ്യ രേഖകൾ എന്നിവ ഇപ്പോൾ സമന്വയിപ്പിച്ചിരിക്കുന്നു!
ഒരു തദ്ദേശീയ നൂതനാശയമായ യു.പി.ഐ ഇന്ത്യയിലുടനീളം സാമ്പത്തിക ഇടപാടുകൾ നടക്കുന്ന രീതിയെ മാറ്റിമറിച്ചു. ചെറുകിട തെരുവു കച്ചവടക്കാർ മുതൽ വലിയ ബിസിനസ് സ്ഥാപനങ്ങൾ വരെ എല്ലാവരും ഇത് വളരെ എളുപ്പത്തിൽ ഉപയോഗിക്കുന്നു. ഇപ്പോൾ ഒരു ദിവസം ശരാശരി 60 കോടിയിലധികം യു.പി.ഐ ഇടപാടുകൾ നടക്കുന്നു. ഡിജിറ്റൽ ഇടപാടുകൾ ദൈനംദിന ജീവിതത്തിൽ എത്രമാത്രം ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്.
സൈബർ
സുരക്ഷ
DIKSHA, SWAYAM, PM eVidya തുടങ്ങിയ ഡിജിറ്റൽ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ ദശലക്ഷക്കണക്കിന് വിദ്യാർത്ഥികളെ അവരുടെ പ്രാദേശിക ഭാഷകളിൽ സമീപിക്കുന്നു. സ്‌കിൽ ഇന്ത്യ ഡിജിറ്റൽ ഹബ് (SIDH), ഫ്യൂച്ചർ സ്‌കിൽസ് പ്രൈം എന്നിവ നമ്മുടെ യുവജനങ്ങളെ നിർമ്മിതബുദ്ധി, സൈബർ സുരക്ഷ, ബ്ലോക്ക്‌ചെയിൻ എന്നീ നൈപുണ്യങ്ങളാൽ സജ്ജരാക്കുന്നു. വർദ്ധിച്ചുവരുന്ന ഡിജിറ്റൽവത്‌കരണത്തോടൊപ്പം രാജ്യത്തെ സൈബർ സുരക്ഷാ ചട്ടക്കൂടും ശക്തിപ്പെടുത്തിയിട്ടുണ്ട്. സി.ഇ.ആർ.ടി- ഇൻ പോലുള്ള സ്ഥാപനങ്ങളും 1930 എന്ന സൈബർ ക്രൈം ഹെൽപ് ലൈനും, ഡിജിറ്റൽ വ്യക്തിഗത വിവര സുരക്ഷാ നിയമവും (2023) ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും വിവര സുരക്ഷയ്ക്കും ഇന്ത്യ കൈക്കൊള്ളുന്ന പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നു.
‘ഇന്ത്യയിൽ നിർമ്മിക്കാം; ഇന്ത്യയ്ക്കായി, ലോകത്തിനായി’ എന്ന ആശയത്തിൽ പ്രധാനമന്ത്രി മോദി ശ്രദ്ധ കേന്ദ്രീകരിച്ചത് രാജ്യത്തെ ഇലക്ട്രോണിക്സ്, മൊബൈൽ നിർമാണത്തിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിർമാണം 12 ലക്ഷം കോടി രൂപ പിന്നിട്ടിരിക്കുന്നു. രാജ്യത്ത് ഇന്ന് ഇറക്കുമതിയേക്കാൾ മൊബൈൽ ഫോണുകൾ കയറ്റുമതി ചെയ്യുന്നു. ഡിജിറ്റൽ ഇന്ത്യ പരിപാടി അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. ശക്തമായ ഡിജിറ്റൽ അടിത്തറയിലൂന്നി വികസിത ഭാരതം എന്ന സൗധം നാം കെട്ടിപ്പടുക്കുകയാണ്. നമ്മുടെ ലക്ഷ്യം വ്യക്തമാണ്. ഡിജിറ്റൽ വിടവ് നികത്തുവാനും ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കുവാനും എല്ലാവർക്കും സൈബർ സുരക്ഷ ഉറപ്പാക്കുവാനും ഇന്ത്യ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |