പാലക്കാട്: ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയെ സമ്പൂർണ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി 'ഹരിത ഡെസ്റ്റിനേഷൻ' പദവിയിലേക്ക് ഉയർത്താൻ ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ രണ്ട് മുതൽ ഇവിടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് കർശന നിരോധനം ഏർപ്പെടുത്തും. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൃത്യമായ കർമ്മപദ്ധതി രൂപീകരിക്കാൻ ജില്ലാ കളക്ടർ ജി.പ്രിയങ്ക ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
നിരോധിച്ചവ
അഞ്ച് ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കണ്ടെയ്നറുകൾ, പാത്രങ്ങൾ, കമ്പോസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, ബാഗുകൾ, പ്ലാസ്റ്റിക് സാഷെകൾ, വിനൈൽ അസറ്റേറ്റ്, മാലിക് ആസിഡ്, വിനൈൽ ക്ലോറൈഡ് കേപോളിമർ എന്നിവ അടങ്ങിയ സ്റ്റോറേജ് ഐറ്റംസ്, നോൺ വുവൺ കാരി ബാഗുകൾ, ലാമിനേറ്റ് ചെയത ബേക്കറി ബോക്സുകൾ, രണ്ട് ലിറ്ററിൽ താഴെയുള്ള സോഫ്റ്റ് ഡ്രിങ്ക് കുപ്പികൾ എന്നിവ നിരോധിച്ചവയിൽ ഉൾപ്പെടും.
ഉപയോഗിക്കാവുന്നവ
വാട്ടർ കിയോസ്‌കുകൾ, സ്‌റ്റെയിൻലസ് സ്റ്റീൽ/ഗ്ലാസ്/കോപ്പർ ബോട്ടിലുകൾ, സ്‌റ്റെയിൻലസ് സ്റ്റീൽ/ ഗ്ലാസ്/ ടിൻ/ സെറാമിക്/ബയോ ഡീഗ്രേഡബിൾ, പാള പോലുള്ള പ്രകൃതി ദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള കണ്ടെയ്നറുകൾ, സ്റ്റീൽ, മരം, മണ്ണ്, കോപ്പർ ഉപയോഗിച്ചുള്ള പാത്രങ്ങൾ, തുണിയോ പേപ്പറോ ഉപയോഗിച്ചുള്ള ബാഗുകൾ, മെറ്റൽ കണ്ടെയ്നറുകൾ എന്നിവ പകരം ഉപയോഗിക്കാം.
നെല്ലിയാമ്പതി ഹിൽ സ്റ്റേഷനുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിവിധ വകുപ്പുകൾ, അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി സബ് കമ്മിറ്റി രൂപീകരിക്കും. ആക്ഷൻ പ്ലാൻ അടിസ്ഥാനമാക്കി ആഗസ്റ്റ് 15 ഓടെ പ്ലാസ്റ്റിക് നിരോധനത്തിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് ഒക്ടോബർ രണ്ടോടെ പൂർണമായും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |