കാസർകോട്: കോട്ടയം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയുടെ പഴഞ്ചൻ കെട്ടിടം തകർന്ന് കൂട്ടിരിപ്പിനെത്തിയ സ്ത്രീ മരിച്ച സംഭവം കാസർകോട് ജില്ലയിലെ സർക്കാർ ആരോഗ്യസംവിധാനത്തിന് കൂടിയുള്ള മുന്നറിയിപ്പായി കാണേണ്ടിവരും. കാഞ്ഞങ്ങാട് പുതിയകോട്ടയിൽ പ്രവർത്തിച്ചിരുന്ന പഴയ ജില്ലാ ആശുപത്രിയുടെ കെട്ടിടം അടക്കം സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്.
ഇരുപത് വർഷം മുമ്പ് ചെമ്മട്ടംവയലിൽ പുതിയ ജില്ലാ ആശുപത്രി സ്ഥാപിച്ചപ്പോഴാണ് പഴയ ജില്ലാ ആശുപത്രിയുടെ കെട്ടിടങ്ങൾ ഒഴിവാക്കിയത്. കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രിയും പ്രാഥമികാരോഗ്യ കേന്ദ്രവും സ്ഥാപിച്ച കാലഘട്ടത്തിലുള്ളതാണ് പഴയ ജില്ലാ ആശുപത്രി കെട്ടിടം. ചെമ്മട്ടംവയലിൽ ജില്ലാ ആശുപത്രി സ്ഥാപിക്കപ്പെട്ടപ്പോൾ പഴയ ജില്ലാ ആശുപത്രി കെട്ടിടത്തിന് മുന്നിൽ അമ്മയും കുഞ്ഞും ആശുപത്രി നിലവിൽ വന്നു. റോഡരുകിലുള്ള കെട്ടിടങ്ങളിൽ വൃത്തിയുള്ളവ ജനറൽ നേഴ്‌സിംഗ് കോളേജിനും പെൺകുട്ടികൾക്ക് ഹോസ്റ്റലായും മാറ്റി. അമ്മയും കുഞ്ഞും ആശുപത്രിയുടെയും നേഴ്‌സിംഗ് കോളേജിന്റെയും മദ്ധ്യത്തിൽ പിറകുഭാഗത്തുള്ള കാലപ്പഴക്കം സംഭവിച്ച കെട്ടിടങ്ങൾ ഏത് നിമിഷവും തകർന്നുവീഴാൻ പാകത്തിലാണിപ്പോൾ. ഇതിൽ ഒരു കെട്ടിടത്തിന്റെ ഓടുകളെല്ലാം തകർന്നുവീണ് ചോർന്നൊലിക്കുകയാണ്.
അമ്മയും കുഞ്ഞും ആശുപത്രിയിലോ നേഴ്‌സിംഗ് കോളേജിലോ വരുന്നവരോ അവിടെ കഴിയുന്നവരോ എന്തെങ്കിലും ആവശ്യാർത്ഥം കയറി ചെല്ലുമ്പോൾ 'കോട്ടയം മോഡലിൽ' കെട്ടിടം തകർന്നാൽ ഇവിടെയും ദുരന്തം ഉറപ്പാണ്. രാത്രികാലങ്ങളിൽ സാമൂഹ്യ വിരുദ്ധരും മദ്യപസംഘങ്ങളും ഈ കെട്ടിടത്തിൽ എത്തുന്നുണ്ട്.
കാഞ്ഞങ്ങാട് പഴയ ജില്ലാ ആശുപത്രി കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടവയാണ്. പഴക്കമുള്ളത് കാരണം ഏത് നിമിഷവും തകർന്ന് വീഴാവുന്ന പാകത്തിൽ തന്നെയാണ് അവയുള്ളത്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയാൽ ആ സ്ഥലം മറ്റു സ്ഥാപനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയും. ജന്മനാ വൈകല്യമുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രവും പേവാർഡും ഫാർമസി ഷോറൂമും സ്ഥാപിക്കാനുള്ള നഗരസഭ പ്രപ്പോസൽ അംഗീകാരഘട്ടത്തിലാണ്. ഈ മൂന്ന് പദ്ധതികളും വന്നു കഴിഞ്ഞാൽ ജില്ലാ ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ ഉടനെ തന്നെ പൊളിച്ചു മാറ്റും.
കെ.വി സുജാത ( കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ )
മുൻകൂട്ടിക്കണ്ട് പൊളിച്ചുമാറ്റി
അതെ സമയം ജില്ലയിൽ അപകടസാഹചര്യം മുന്നിൽ കണ്ട് പഴഞ്ചൻ ആശുപത്രിക്കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയിട്ടുമുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിലെ പഴയ ടി.ബി സെന്റർ ഇത്തരത്തിൽ പെട്ടതാണ്. പിലിക്കോട് ഓലാട്ട് എഫ്.എച്ച്.സിയുടെ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ബലക്ഷയം തീർത്തിരുന്നു. നീലേശ്വരം താലൂക്ക് ആശുപത്രിയിൽ പഴയകെട്ടിടം പൊളിച്ച് ഡയാലിസിസ് കേന്ദ്രം പണിതു. പൂടംകല്ല് താലൂക്ക് ആശുപത്രിയിലും പനത്തടി എഫ്.എച്ച്.സിയിലും കോടികളുടെ പുതിയ കെട്ടിടം പണിത് പഴയ കെട്ടിടത്തെ ഒഴിവാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |