ആലപ്പുഴ : എയ്ഞ്ചലിന്റെ രാത്രിസഞ്ചാരമാണ് തർക്കത്തിലേക്കും തുടർന്ന് കൊലപാതകത്തിലേക്കും നയിച്ചത്. കൊലപാതകം നടന്ന ദിവസവും ആശുപത്രിയിലെ ജോലി കഴിഞ്ഞ് വൈകിട്ട് മടങ്ങിയെത്തിയ എയ്ഞ്ചൽ രാത്രി 9 മണിയോടെ പുറത്ത് പോയി. വീട്ടിൽ വഴക്കിട്ട ശേഷമായിരുന്നു പോയത്. പത്തരയോടെയാണ് തിരിച്ചെത്തിയത്. ഇതോടെ സ്വീകരണമുറിയിൽ അച്ഛനും മകളും തമ്മിൽ വഴക്ക് നടന്നു. അമ്മയുൾപ്പടെ എല്ലാ കുടുബാംഗങ്ങളും സമീപത്തുണ്ടായിരുന്നു. വഴക്ക് കൈയ്യാങ്കളിയിലേക്കും കൊലപാതകത്തിലേക്കും വഴിമാറുകയായിരുന്നു.
മകൾ സ്ഥിരമായി രാത്രിയിൽ പുറത്ത് പോകുന്നത് പലവട്ടം ചോദ്യം ചെയ്തിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ഇത്തരം യാത്രകൾ ശരിയല്ലെന്ന് നാട്ടുകാരിൽ നിന്ന് അഭിപ്രായങ്ങൾ ഉയർന്നുകേട്ടതും വൈരാഗ്യം വർദ്ധിപ്പിച്ചു. എയ്ഞ്ചൽ സ്ഥിരമായി രാത്രിയിൽ എവിടെയാണ് പോയിരുന്നതെന്നും ഏത് സുഹൃത്തുക്കൾക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നതെന്നും വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.
അലോഷ്യസിന്റെ മൊഴി പ്രകാരം അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ.രാജേഷിന്റെ നിർദേശപ്രകാരം മണ്ണഞ്ചേരി സി.ഐ ടോൾസൺ.പി.ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ജേക്കബ് രാജി ജോസ്, സൂധീർ, രാജേഷ്, സിബി, എ.എസ്.ഐമാരായ സിന്ധു, ലെതി, സി.പി.ഒമാരായ അനന്തകൃഷ്ണൻ, മാത്യു. ജോസഫ്, അനൂപ്, വിജേഷ്, അഞ്ജു, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |