തിരുവനന്തപുരം: കേന്ദ്രത്തിന്റെ സഹായം ലഭിച്ചില്ലെങ്കിലും ഓണക്കാലത്ത് സപ്ലൈകോ വിൽപനശാലകളിലൂടെയും റേഷൻകടകളിലൂടെയും അധികമായി അരി
ന്യായ വിലയിൽ വിതരണം ചെയ്യുമെന്നു മന്ത്രി ജി.ആർ.അനിൽ. വിലക്കയറ്റം പിടിച്ചു നിറുത്താനാണിതെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സപ്ലൈകോയിലൂടെ റേഷൻകാർഡ് ഉടമകൾക്കു കിലോഗ്രാമിന് 29 രൂപയ്ക്ക് നൽകുന്ന രണ്ട് കിലോ പച്ചരിയും 33 രൂപയ്ക്ക് നൽകുന്ന എട്ട് കിലോ ശബരി കെ റൈസും വീണ്ടും വില കുറച്ചു നൽകും. തെക്കൻജില്ലകളിൽ പുഴുക്കലരിയും വടക്കൻജില്ലകളിൽ കുറുവ അരിയും കെ റൈസായി നൽകും. അരി പായ്ക്കറ്റും വിലക്കുറവിൽ വിതരണം ചെയ്യും.
റേഷൻകടകളിലൂടെ മുൻഗണനേതര വിഭാഗത്തിലെ 53 ലക്ഷം നീല, വെള്ള കാർഡ് ഉടമകൾക്ക് സ്‌പെഷൽ അരിയും നൽകും.
ഗുണമേന്മയുള്ള അരി കേന്ദ്രസർക്കാർ ഫുഡ് കോർപറേഷനിൽ നിന്ന് ഓപ്പൺ മാർക്കറ്റ് സ്‌കെയിൽ സ്‌കീം വഴി നൽകിയാൽ വാങ്ങി സപ്ലൈകോ വഴി നൽകും. മുൻപ് കേന്ദ്രം ഇങ്ങനെ നൽകിയ അരി ഗുണമേന്മയില്ലാത്തതിനാൽ കാലിത്തീറ്റയാക്കേണ്ടിവന്നു. ഒ.എം.എസ്.എസ് വഴി അരി നൽകുമെന്ന കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം കേരളത്തിനുള്ള സൗജന്യമല്ല. വൻകിട വ്യാപാരികൾക്കും മില്ലുകൾക്കും സഹകരണ സംഘങ്ങൾക്കും ഇ ലേലത്തിൽ പങ്കെടുത്ത് അരി നൽകാനുള്ള സംവിധാനമാണിത്.
റേഷൻകടകളിലൂടെ നീല, വെള്ള കാർഡ് ഉടമകൾക്കു വിതരണം ചെയ്യാൻ ടൈഡ് ഓവർ വിഹിതമായി കിലോഗ്രാമിന് 8.30 രൂപയ്‌ക്കോ സൗജന്യമായോ അധികഹഅരിയാണ് കേരളം ചോദിച്ചത്. നിലവിലെ ടൈഡ് ഓവർ വിഹിതം ഉപയോഗിച്ച് നീല, വെള്ള കാർഡ് ഉടമകൾക്ക് അരി പരിമിതമായേ നൽകാനാകുന്നുള്ളൂ. നാണ്യവിളകളിലൂടെ കോടിക്കണക്കിനു രൂപയുടെ വിദേശനാണ്യം നേടിത്തരുന്നതും ഭക്ഷ്യകമ്മി –ഉപഭോക്തൃ സംസ്ഥാനവുമായതിനാലാണ് കേരളത്തിന് ടൈഡ് ഓവർ വിഹിതമുള്ളത്. നീല, വെള്ള കാർഡ് ഉടമകൾക്കു 2022 ജൂൺ മുതൽ നിറുത്തിവച്ച ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും കേന്ദ്രം നിരസിച്ചതായി മന്ത്രി വ്യക്തമാക്കി
സപ്ലൈകോയിലും
വെളിച്ചെണ്ണ വില കൂടി
സപ്ലൈകോ വഴി വിൽക്കുന്ന വെള്ളിച്ചെണ്ണയുടെ വില കിലോഗ്രാമിന് 277 രൂപയിൽ നിന്ന് ഈ മാസം 329 രൂപയായി വർദ്ധിപ്പിച്ചു. വില നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്. പുതിയ ടെൻഡർ ക്ഷണിച്ചപ്പോൾ സപ്ലൈകോയ്ക്കു വെളിച്ചെണ്ണ വിതരണം ചെയ്യുന്ന മില്ലുകാർ ഉയർന്ന വിലയാണ് ക്വോട്ട് ചെയ്തത്.റേഷൻകാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാനായി 32,000 അപേക്ഷകൾ ലഭിച്ചു. ആകെ 75,000 ഒഴിവുകളാണ് മുൻഗണനാ വിഭാഗത്തിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |