കോട്ടയം : ഇന്നലെ രാവിലെ മുതൽ മെഡിക്കൽ കോളേജ് പരിസരം യുദ്ധസമാനമായ അന്തരീക്ഷത്തിലായിരുന്നു. ആദ്യം ആശങ്ക, പിന്നീട് ആശ്വാസം, വൈകാതെ ദുരന്തവും പ്രതിഷേധവും. മെഡിക്കൽ കോളേജിലെ പതിന്നാലാം വാർഡ് ഇടിഞ്ഞു വീണെന്ന വാർത്തയാണ് ആദ്യം പരന്നത്. വലിയ ശബ്ദം കേട്ട് രോഗികളും കൂട്ടിരിപ്പുകാരുമെല്ലാം ചുറ്റുംകൂടി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതരുടെ ഉറപ്പ് സ്ഥിതി ശാന്തമാക്കിയെങ്കിലും പിന്നീട് ദുരന്തത്തിന്റെ കൊടുങ്കാറ്റാണ് വീശിയത്.
14ാം വാർഡ് കെട്ടിടത്തിന്റെ ശൗചാലയ ഭാഗം നടുമുറ്റത്തേക്ക് ഇടിഞ്ഞു വീണപ്പോഴേയ്ക്കും ജീവനക്കാർ ആദ്യം രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റി. പൊലീസും ഫയർഫോഴ്സ് അധികൃതരും സംഭവ സ്ഥലത്തെത്തി. തൊട്ടടുത്തുള്ള തെള്ളകത്തെ മുഖ്യമന്ത്രിയുടെ അവലോകന യോഗ സ്ഥലത്തു നിന്ന് മന്ത്രിമാരായ വീണാ ജോർജും , വി.എൻ.വാസവനും സ്ഥലത്ത് എത്തി. നാലു ഭാഗവും കെട്ടിടങ്ങളാൽ മറഞ്ഞ നടുമുറ്റം ജനസാഗരമായി. ആരും അപകടത്തിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രിമാരുടെ ഉറപ്പ് ആശ്വാസം വിതറിയെങ്കിലും വൈകാതെ ബിന്ദുവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി ആശങ്കയ്ക്ക് തിരികൊളുത്തി. മെഡിക്കൽ കോളജ് രണ്ടാം കവാടത്തിലൂടെ ചെറു മതിലുകളും നടകളും ഇടിച്ചു നിരത്തിയും ഗ്രില്ലുകൾ മുറിച്ചുമാറ്റിയും അകത്തെത്തിയ മൂന്നു ഹിറ്റാച്ചികൾ മണ്ണും അവിശിഷ്ടങ്ങളും മാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
ഇതോടെ സ്ഥിതി സംഘർഭരിതമായി. ബിന്ദുവിനെ കോരിയെടുത്ത് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുമ്പോഴേയ്ക്കും പുറത്ത് പ്രതിഷേധം അണപൊട്ടി. മൃതദേഹം പുറത്തെടുത്തപ്പോൾ രക്ഷാപ്രവർത്തനം വൈകിയതിനെ ചൊല്ലി നാട്ടുകാരും പൊതുപ്രവർത്തകരും ഫയർഫോഴ്സ് അധികൃതരുമായി വാഗ്വാദവും ബഹളവും. പ്രതിഷേധം ശമിച്ചതിനു ശേഷമാണ് അവശിഷ്ടങ്ങൾ മാറ്റി തുടങ്ങിയത്.
ബിന്ദുവിന്റെ മരണമറിഞ്ഞ് മന്ത്രിമാരായ വി.എൻ.വാസവനും വീണ ജോർജും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലിരുന്ന് സൂപ്രണ്ടുമൊത്തെ സ്ഥിതി ഗതികൾ വിലയിരുത്തി. എം.എൽ.എമാരായ ചാണ്ടി ഉമ്മനും തിരുവഞ്ചൂർ രാധാകൃഷ്ണനും പ്രതിഷേധത്തിന് തുടക്കമിട്ടു. പിന്നീട് മന്ത്രിമാർക്കും സംഭവിച്ച ദുരന്തത്തിൽ കൃത്യമായ ഉത്തരമില്ലായിരുന്നു. ഇതിനിടെ മെഡിക്കൽ കോളജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ സമരപരിപാടികളും നടന്നു. വൈകിട്ടോടെയാണ് മുഖ്യമന്ത്രിയും സ്ഥലത്ത് എത്തി. പ്രിൻസിപ്പൽ ഓഫീസിൽ അവലോകന യോഗം നടന്നു.
'' ഉത്തരവവദിത്തത്തിൽ നിന്ന് മന്ത്രിമാരായ വീണാ ജോർജിനും വി.എൻ.വാസവനും ഒഴിഞ്ഞുമാറാനാകില്ല''
ഫിൽസൺ മാത്യൂസ്, യു.ഡി.എഫ് ജില്ലാ കൺവീനർ
''ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥയുടെയും അഴിമതിയുടെയും ഉദാഹരണമാണ് കോട്ടയം മെഡിക്കൽ കോളേജിലുണ്ടായത്. സംസ്ഥാനത്തെ ആരോഗ്യ മേഖല പരിപൂർണ്ണ തകർച്ചയാണ് വെളിവാക്കുന്നത്''
ജി.ലിജിൻലാൽ, ബി.ജെ.പി.വെസ്റ്റ്, ജില്ലാ പ്രസിഡന്റ്
'' സംഭവത്തിൽ സമഗ്രഅന്വേഷണം നടത്തണം. ബലക്ഷയമുള്ള കെട്ടിടത്തിലേയ്ക്ക് മനുഷ്യർ കടന്ന് ചെല്ലാതാരിക്കാൻ വേണ്ട മുൻകരുതൽ എടുക്കാതിരുന്ന അധികൃതർ കുറ്റക്കാരാണെന്നും നടപടി സ്വീകരിക്കണം''
സജി മഞ്ഞക്കടമ്പിൽ , തൃണമൂൽ കോൺഗ്രസ്
കോൺഗ്രസ് മാർച്ച് ഇന്ന്
മെഡിക്കൽ കോളേജ് സംഭവത്തിന് ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് മാർച്ച് നടത്തും. മെഡിക്കൽ കോളേജ് കവാടത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |