മുളങ്കുന്നത്തുകാവ് : സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ്, ചികിത്സാ പിഴവെന്ന ആരോപണം,രോഗികൾക്ക് കൃത്യസമയത്ത് പരിചരണമില്ല ഇങ്ങനെ നിരവധി പരാതികളുടെ നടുവിൽ തൃശൂർ ഗവ.മെഡിക്കൽ കോളേജ്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗമടക്കം പ്രധാനപ്പെട്ട വകുപ്പുകളിൽ ഡോക്ടർമാരില്ല. പിജി വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യമില്ലെന്നും പരാതികൾ ഉയരുകയാണ്. കോടികൾ ചെലവിട്ട സൂപ്പർ സ്‌പെഷ്യാലിറ്റി സമുച്ചയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും രോഗികൾക്ക് പ്രയോജനമില്ലെന്ന് ജനങ്ങൾ പറയുന്നു. താത്കാലികമായി ഡോക്ടർമാരെ നിയമിക്കാൻ കഴിഞ്ഞ ദിവസം അപേക്ഷ ക്ഷണിച്ചത് മാത്രമാണ് ഇതുവരെയുണ്ടായ പുരോഗതി. നിരവധി ക്യാൻസർ രോഗികൾ എത്തുന്ന നെഞ്ചുരോഗാശുപത്രിയിലും പ്രതിസന്ധി രൂക്ഷമാണ്.നഴ്‌സിംഗ് പരിചരണത്തിലും സ്റ്റാഫുകളുടെ കുറവുണ്ട്. ഏകദേശം 90- 110 രോഗികൾ കിടക്കുന്ന ഒരു വാർഡിൽ രണ്ടോ മൂന്നോ നഴ്‌സുമാർ മാത്രമാണ് ഉള്ളത്. അവർക്ക് ഇത്രയും രോഗികളെ കൃത്യമായി പരിചരിക്കാൻ സാധിക്കാത്തത് ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ലാബുകളുടെയും ബില്ലിംഗ് കൗണ്ടറുകളുടെയും ക്രമീകരണത്തിൽ ഒരു കൃത്യതയിലാത്തതും വലയ്ക്കുന്നുണ്ട്.
ബ്ലഡ് ടെസ്റ്റ്, എക്‌സ്‌റേ തുടങ്ങിയവയ്ക്ക് മെഡിക്കൽ കോളേജിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഓടി നടക്കേണ്ട സാഹചര്യമാണ് നിലവിൽ.
ചികിത്സ വൈകിയെന്ന് പരാതി
പന്നിത്തടത്ത് കെ.എസ്.ആർ.ടി.സി ബസും മീൻ കയറ്റി വന്ന ലോറിയുമിടിച്ച് ഉണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് മെഡിക്കൽ കോളേജിൽ ചികിത്സ നൽകാൻ വൈകിയെന്ന പരാതിയുമായി ആംബുലൻസ് ഡ്രൈവർ രംഗത്ത്.
ആംബുലൻസ് ഡ്രൈവർ സാദിഖാണ് ആരോപണം ഉന്നയിച്ചത്. വാഹനാപകടത്തിൽ പരിക്കേറ്റ ഡ്രൈവർക്ക് 45 മിനിറ്റോളം ചികിത്സ വൈകിയെന്നും ഇയാൾ പറഞ്ഞു. ചോദ്യം ചെയ്തപ്പോൾ തന്നെ ജീവനക്കാർ പരിഹസിച്ചെന്നും സാദിഖ് ആരോപിച്ചു. ഒടുവിൽ കെ.എസ്.ആർ.ടി.സി അധികൃതരെ ആംബുലൻസ് ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഇതോടെ അമല ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.
ചികിത്സ പിഴവെന്ന് പരാതി
കാലിലെ ശസ്ത്രക്രിയക്ക് വേണ്ടി പ്രവേശിപ്പിച്ച അതിരപ്പിള്ളി സ്വദേശി രാധകൃഷ്ണൻ (52) മരിച്ചത് ചികിത്സ പിഴവാണെന്ന് ആരോപണം. ഇന്നലെ കാലിന് ശസ്ത്രക്രിയ നടത്താൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ശസ്ത്രക്രിയയ്ക്കിടെ അനസ്‌തേഷ്യ കൊടുത്തപ്പോൾ ഉണ്ടായ പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസമാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത് .
ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ്
പന്നിത്തടത്ത് അപകടത്തിൽ പരിക്കേറ്റ ഡ്രൈവർക്ക് കൃത്യമായ സമയത്ത് ചികിത്സ നൽകിയിട്ടുണ്ട് .
ആംബുലൻസ് ഡ്രൈവർക്ക് തെറ്റിദ്ധാരണ മൂലമാകാം ചികിത്സ നൽകിയില്ലെന്ന് തോന്നിയത്. പുലർച്ചെ 2 .52ന് എത്തിയ രോഗിക്ക് 2.57ന് ഡോക്ടർ പരിശോധിച്ചു തുടങ്ങി. രോഗിയെ റെഡ് സോണിലേക്ക് മാറ്റുകയും ചെയ്തു.
അവിടെ നൽകിയ ചികിത്സ കൂട്ടിരിപ്പുകാർക്ക് കാണാൻ കഴിയില്ല .മറ്റ് ഡോക്ടർമാരുടെ സംഘമാണ് അവിടെ ചികിത്സ നടത്തുന്നത്. ആംബുലൻസ് ഡ്രൈവർ നിർബന്ധിച്ച് രോഗിയെ കൊണ്ടു പോകുകയായിരുന്നു.( ഡോ.രാധിക, മെഡിക്കൽ കോളേജ് സൂപ്രണ്ട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |