കൊല്ലം: കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ മന്ത്രി വീണാ ജോർജിന് ദേഹാസ്വാസ്ഥ്യം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അടിയന്തര ചികിത്സ തേടി. അടൂർ പിന്നിട്ട് ഏനാത്ത് അടുത്തപ്പോഴാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്.
രാത്രി ഏഴേകാലോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. രക്ത സമ്മർദ്ദത്തിലുള്ള വ്യത്യാസമാണ് ആരോഗ്യ പ്രശ്നത്തിന് കാരണം. തുടർന്ന് ഡ്രിപ്പിട്ടു. വിദഗ്ദ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിന് ശേഷം രാത്രി 9.40ന് മന്ത്രി ആശുപത്രി വിട്ടു. ആരോഗ്യ നിലയിൽ കാര്യമായ പ്രശ്നമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ആശുപത്രിയിലെത്തി.
ഇതിനിടയിൽ ബി.ജെ.പി പ്രവർത്തകർ ആശുപത്രിയിൽ പ്രതിഷേധത്തിനെത്തി. മന്ത്രിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്ന് പൊലീസ് ധരിപ്പിച്ചതോടെ ബി.ജെ.പി പ്രവർത്തകർ ശാന്തരായി. മന്ത്രിയെ നേരിൽ സന്ദർശിച്ച് ഇത് ബോദ്ധ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പ്രതിഷേധക്കാരുമായി സംസാരിച്ചതോടെ പ്രശ്നം വീണ്ടും വഷളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |