പാലോട്: 87 കിലോയിലേറെ ചന്ദനത്തടികളുമായി രണ്ടുപേർ പിടിയിലായി.5 ലക്ഷത്തിനുമേൽ വില വരുന്ന ചന്ദനത്തടികളാണ് പിടികൂടിയത്.രഹസ്യവിവരത്തെ തുടർന്ന് പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പള്ളിക്കൽ തയ്ക്കാവിന് എതിർവശത്തു താമസിക്കുന്ന അബ്ദുൾ ജലീലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ, കാർ പോർച്ചിൽ നിന്ന് ഒരു ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന ചന്ദനവും വീടിന് പിറകിൽനിന്ന് 3 ചാക്ക് ചന്ദനവുമാണ് പിടികൂടിയത്.
102 കഷണം ചന്ദനവും ചീളുകളുമാണ് കണ്ടെത്തിയത്. പരിചയക്കാരനായ ഒരാൾ അങ്ങാടി മരുന്ന് എന്ന വ്യാജേന സൂക്ഷിക്കാൻ ഏല്പിച്ചതാണെന്ന അബ്ദുൾ ജലീലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളായ പാലക്കാട് ചെർപ്പുളശേരി നെല്ലായി കൂരിത്തോട് വീട്ടിൽ മുഹമ്മദ് അലി (41),കല്ലുവാതുക്കൽ നടക്കൽ സജീവ് (49) എന്നിവരെ കഴിഞ്ഞ ദിവസം പുലർച്ചെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചലിൽ സൂക്ഷിച്ചിരുന്ന ചന്ദനത്തടികളും പിടികൂടി.ഇവർ കൂടി കണ്ണികളായ ഒരു സംഘത്തെ ഇക്കഴിഞ്ഞ മാർച്ച് 18ന് പാലോട് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. മലപ്പുറം കേന്ദ്രീകരിച്ചുള്ള ഒരു വൻ റാക്കറ്റ് തന്നെ ഇതിന്റെ പിന്നിലുണ്ടെന്നും ചന്ദനമരം കണ്ടെത്തി വിലപേശുന്ന സംഘം, ചന്ദനമരം കിട്ടിയില്ലെങ്കിൽ മുറിച്ചു കടത്തുകയാണ് പതിവ്. പ്രതികളുടെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്ന് പാലോട് റേഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ അറിയിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സന്തോഷ്‌കുമാർ,എസ്.എഫ്.ഒ സന്തോഷ്,ബി.എഫ്.ഒമാരായ ബിന്ദു,ഡോൺ,ഷാനവാസ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.പ്രതികളെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |