കാട്ടാക്കട: മൊബൈൽ ഫോണുകൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് കാട്ടി സമൂഹ മാദ്ധ്യമത്തിൽ പരസ്യം നൽകി, പണം വാങ്ങിയ ശേഷം ടൈൽ കഷണങ്ങൾ അയച്ചുകൊടുത്ത കേസിൽ ഒരാളെ കാട്ടാക്കട പൊലീസ് പിടികൂടി. കണ്ടല അരുമാളൂർ എം.കെ മൻസിലിൽ സിയാദിനെയാണ് (19) അറസ്റ്റ് ചെയ്തത്.പരസ്യം കണ്ട് ഓൺലൈൻ ഇടപാട് വഴി 50,00 രൂപ അയച്ചുനൽകിയ ചെന്നൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കൊപ്പം തട്ടിപ്പിൽ രണ്ടുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു. ഫോണിനായി പണം നൽകിയ യുവതിക്ക് കൊറിയർ വഴി ലഭിച്ചത് രണ്ട് ടൈൽ കഷണങ്ങളായിരുന്നു. കബളിപ്പിക്കപ്പെട്ട യുവതി നടത്തിയ അന്വേഷണത്തിൽ കാട്ടാക്കടയിലെ കൊറിയർ സർവീസ് ഏജൻസി വഴിയാണ് ഇത് അയച്ചുകിട്ടിയതെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ വീണ്ടും ഒരു ഫോണിന് കൂടി മറ്റൊരു വിലാസത്തിൽ ബുക്ക് ചെയ്തു. പണം അയച്ചുനൽകും മുൻപേ വിവരം പൊലീസിനെ അറിയിച്ചു. ഇതനുസരിച്ച് അടുത്ത കൊറിയർ അയയ്ക്കാനായി ഏജൻസിയിൽ ഇയാൾ എത്തിയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്നവർ രക്ഷപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |