ന്യൂഡൽഹി: ബീഹാറിലെ വോട്ടർ പട്ടിക പുതുക്കൽ നടപടികളിൽ പരാതി പറയാനെത്തിയ 'ഇന്ത്യ' സഖ്യ നേതാക്കളെ കാണാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ആദ്യം തയ്യാറായില്ലെന്ന് കോൺഗ്രസ്. സമ്മർദ്ദം ചെലുത്തിയപ്പോൾ കൂടിക്കാഴ്ചയ്‌ക്ക് സമ്മതിച്ചെങ്കിലും,ഓരോ പാർട്ടിയിൽ നിന്നും രണ്ടുപേരെയാണ് അനുവദിച്ചത്. തനിക്ക് രണ്ടു മണിക്കൂർ കാത്തിരിപ്പ് മുറിയിൽ ഇരിക്കേണ്ടി വന്നുവെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കി. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന മനോഭാവമാണ് കമ്മിഷൻ പുലർത്തുന്നത്. പ്രതിപക്ഷത്തെ അവഗണിച്ച് മുന്നോട്ടുപോകാനാകില്ല. ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് അനുസൃതമായാണ് കമ്മിഷൻ പ്രവർത്തിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി. 11 പ്രതിപക്ഷ പാർട്ടികളുടെ സംഘമാണ് ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിൽ,സംശയകരമായ ആയിരകണക്കിന് പേരുകൾ വോട്ടർപട്ടികയിൽ തിരുകി കയറ്റാൻ ഗൂഢാലോചന നടക്കുന്നുവെന്നാണ് ആരോപണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ,കമ്മിഷണർമാരായ സുഖ്ബീർ സിംഗ് സന്ധു,വിവേക് ജോഷി എന്നിവരുമായി രണ്ടര മണിക്കൂറോളം നേതാക്കൾ ചർച്ച നടത്തിയിരുന്നു. അതേസമയം,വോട്ടർ പട്ടിക പുതുക്കൽ നടപടി ചോദ്യം ചെയ്‌ത് നിയമപോരാട്ടത്തിന് ഇറങ്ങണമോയെന്നത് പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |