ന്യൂ സൗത്ത് വെയ്‌ൽസ്: പുത്തൻ വീട്ടിൽ കരണംമറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റിലാണ് സംഭവം. സോണി ബ്ളണ്ടൽ എന്ന 18കാരനാണ് മരിച്ചത്. അടുത്തിടെയാണ് ന്യൂ സൗത്ത് വെയ്‌ൽസിലെ സെൻട്രൽകോസ്റ്റിൽ നിന്നും ക്വീൻസ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റിലേക്ക് സോണി താമസം മാറിയത്.
സോണിയ്‌ക്ക് ഇവിടെ പുതിയ ജോലി ലഭിച്ചിരുന്നു. ഇതോടൊപ്പം പുതിയ അപ്പാർട്ട്‌മെന്റും വാങ്ങിയതോടെ കാമുകിയ്‌ക്കൊപ്പം താമസം തുടങ്ങാം എന്ന സന്തോഷത്തിലായിരുന്നു സോണി. ഇത് ആഘോഷിക്കാൻ ബാക്‌ഫ്ളിപ്പ് ചെയ്യുന്നതിനിടെയാണ് തലയിടിച്ച് അപകടം സംഭവിച്ചത്. ജൂൺ 24നാണ് അപ്പാർട്ട്‌മെന്റിൽ വച്ച് അപകടമുണ്ടായത്. തുടർന്ന് സോണിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തലയിൽ ശസ്‌ത്രക്രിയയും നടത്തി എന്നാൽ ഗുരുതര പരിക്ക് ഭേദമാകാതെ സോണി ബ്ളണ്ടൽ മരണത്തിന് കീഴടങ്ങി.
സോണിയുടെ സഹോദരി ഇസബെല്ല ക്രോമാക്‌ഹെ വിവരം സ്ഥിരീകരിച്ചു. ഒരുമാസം മുൻപ് മാത്രമാണ് ക്യൂൻസ്‌ലാൻഡിലേക്ക് മാറിയതെന്നും സോണിയുടെ വലിയ നേട്ടമായിരുന്നു വീട് സ്വന്തമാക്കിയതെന്നും സഹോദരി ഓർമ്മിച്ചു. 'വീട്ടിലെ ലിവിംഗ് റൂമിൽ വച്ച് ബാക് ഫ്ളിപ്പ് ചെയ്യുമ്പോൾ തലയിടിച്ചു. തുടർന്ന് തലവേദനയാണെന്ന് പറഞ്ഞ് അവൻ കിടക്കാൻ പോയി.ഉണർന്നെഴുന്നേറ്റ് ടോയ്‌ലറ്റിൽ പോയപ്പോൾ ഛർദ്ദിച്ചു. പിന്നാലെ വന്ന് കിടന്നപ്പോൾ ബോധമറ്റു. അവന്റെ ഉറ്റ സുഹൃത്തുക്കളാണ് ബോധമില്ലാത്ത നിലയിൽ അവനെ കണ്ടത്.' അവർ പറഞ്ഞു.തുടർന്ന് സുഹൃത്തുക്കൾ ക്വീൻസ്‌ലാൻഡ് ആശുപത്രിയിലെത്തിച്ചെങ്കിലും പക്ഷാഘാതമുണ്ടായി. ജൂൺ 30ഓടെ മരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |