കോട്ടയം: മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മൃതദേഹം സംസ്‌കരിച്ചു. മകൻ നവനീത് അന്ത്യകർമ്മങ്ങൾ നിർവഹിച്ചു. തലയോലപ്പറമ്പിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടത്തിയത്. 'അമ്മാ..ഇട്ടേച്ച് പോവല്ലമ്മാ' എന്ന് ഉറക്കെ കരഞ്ഞ മകൻ നവനീതിന്റെയും കരയാനാകാതെ നിന്ന മകൾ നവമിയുടെയും കാഴ്ച എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി. വിഷമം താങ്ങാനാകാതെ നിന്ന ബിന്ദുവിന്റെ ഭർത്താവ് വിശ്രുതനും മക്കൾക്കും ആശ്വാസം പകരാൻ ആർക്കും കഴിഞ്ഞില്ല. ഉച്ചയ്‌ക്ക് ഒരുമണിയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് വീട്ടിൽ സംസ്‌കാരം നടത്തിയത്.
നേരത്തെ രാവിലെ 10 മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നത്. അന്ത്യാഞ്ജലിയർപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം നേതാക്കളും വൻ ജനാവലിയും ഇവിടെത്തി. ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസും ബിജെപിയും പ്രതിഷേധ ധർണയും പ്രകടനവും നടത്തി. പ്രതിഷേധം പൊലീസ് തടഞ്ഞു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്കും കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |