കോട്ടയം: ഓണമായതിനാൽ നഗരത്തിൽ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്കാണ്. ഓണാഘോഷമായതിനാൽ നിയന്ത്രിക്കാൻ പൊലീസും എത്തിയില്ല. ഗതാഗതക്കുരുക്കിൽ സഹികെട്ട യുവാവ് കറുകച്ചാൽ സെൻട്രൽ ജംഗ്ഷനിൽ മണിക്കൂറുകളോളമാണ് ഗതാഗതം നിയന്ത്രിച്ചത്. യുവാവിന്റെ കഷ്ടപ്പാട് കണ്ട നാട്ടുകാർ നോട്ടുമാല ചാർത്തിയ ശേഷമാണ് വിട്ടയച്ചത്.ചമ്പക്കര സ്വദേശിയായിരുന്നു യുവാവ്.
മൂന്ന് മണിക്കൂർ ഗതാഗതം ഒറ്റയ്ക്ക് നിയന്ത്രിച്ച ഷർട്ടും കൈലിയും ധരിച്ച യുവാവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. മൂന്ന് പ്രധാന റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങളെ ട്രാഫിക് പൊലീസിനെക്കാൾ മികച്ച രീതിയിൽ നിയന്ത്രിക്കുകയും കൃത്യമായ ഇടവേളകളിൽ ഓരോ ദിശയിലേക്കും വാഹനങ്ങളെ കടന്നുപോകാൻ അനുവദിക്കുകയും ചെയ്തു. ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്ന യുവാവിനെ വഴിയാത്രക്കാരും നാട്ടുകാരും അത്ഭുതത്തോടെയാണ് കണ്ടത്. നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ ശകാരിക്കുകയും ചെയ്തു.
ഗതാഗതക്കുരുക്ക് പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടും ആരും എത്തിയില്ല. ഒരുപക്ഷേ ഓണാഘോഷം നടക്കുന്നതിനാലാകാം എന്ന് നാട്ടുകാർ പറയുന്നു. റോഡിലൂടെ കടന്നു പോയ പലരും യുവാവിന് നന്ദി അറിയിച്ചു. നന്ദി സൂചകമായി ചിലർ കുപ്പിവെള്ളവും വാങ്ങി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |