പട്‌ന: പരീക്ഷയില്‍ മാര്‍ക്ക് നല്‍കുമ്പോള്‍ കൂടിപ്പോകുന്നതും കുറഞ്ഞ് പോകുന്നതും അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ ബിഹാറിലെ മുസഫറാബാദിലെ അംബേദ്കര്‍ സര്‍വകലാശാലയിലെ മൂല്യനിര്‍ണയത്തില്‍ സംഭവിച്ചത് ലോകത്ത് ഒരിടത്തും സംഭവിക്കാത്ത കാര്യങ്ങളാണ്. നൂറ് മാര്‍ക്കിന് പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കിട്ടിയത് 257 മാര്‍ക്ക് എന്ന കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. പക്ഷേ ഇത്രയും മാര്‍ക്ക് കിട്ടിയെങ്കിലും കുട്ടിക്ക് സ്ഥാനക്കയറ്റം കിട്ടിയില്ലെന്നതാണ് മറ്റൊരു ട്വിസ്റ്റ്.
പരീക്ഷ എഴുതിയ 9000 വിദ്യാര്‍ത്ഥികലില്‍ 800 പേര്‍ പരീക്ഷയില്‍ വിജയിച്ചു. നിരവധിപേര്‍ ഫലം കാത്തിരിക്കുകയാണ്. അതോടൊപ്പം തന്നെ ഇന്റേണല്‍ അസെസ്‌മെന്റില്‍ കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച മൂന്നാംസെമസ്റ്റര്‍ ബിരുദാനന്തര പരീക്ഷയുടെ(202325) ഫലത്തിലാണ് വ്യാപക ക്രമക്കേട് നടന്നത്. 100 മാര്‍ക്കിന്റെ തിയറി പരീക്ഷക്ക് ഒരു വിദ്യാര്‍ത്ഥിക്ക് 257 മാര്‍ക്കാണ് സര്‍വകലാശാല നല്‍കിയത്. അതുപോലെ 30 മാര്‍ക്കിന്റെ പ്രാക്ടിക്കലിന് 225 മാര്‍ക്കും നല്‍കി.
ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളിലെ പരീക്ഷകളില്‍ പിശകുകള്‍ ആവര്‍ത്തിച്ചതായും പരാതികളുണ്ട്. ഇൗ സംഭവം തങ്ങളുടെ കരിയറിനെ തന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ ഇതെല്ലാം നിസ്സാര തെറ്റുകള്‍ മാത്രമാണെന്നാണ് അധികൃതരുടെ പക്ഷം. സാങ്കേതികമോ മാനുഷികമോ ആയ തെറ്റുകള്‍ മാത്രമാണിതെന്നാണ് സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫസര്‍. എം. രാംകുമാര്‍ പറയുന്നത്. രണ്ടുദിവസത്തിനുള്ളില്‍ എല്ലാ തെറ്റുകളും തിരുത്തി പുതിയ മാര്‍ക്ക് ഷീറ്റ് നല്‍കുമെന്നും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പുനല്‍കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |