ആലപ്പുഴ : ചരിത്രപ്രസിദ്ധമായ ചമ്പക്കുളം മൂലം ജലോത്സവം 9ന് ഉച്ചയ്ക്ക് 2.30ന് പമ്പയാറ്റിൽ നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തോമസ് കെ. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സാംസ്‌കാരികസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി പി. പ്രസാദ് സമ്മാനദാനം നിർവഹിക്കും. ജലോത്സവനത്തിന് മുന്നോടിയായുള്ള ജലഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിക്കും. മാസ്ഡ്രിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് ഫ്ളാഗ് ഓഫ് ചെയ്യും. അഞ്ച് ചുണ്ടൻവള്ളങ്ങളും മൂന്നുവീതം വെപ്പ് എ, ബി ഗ്രേഡ് വള്ളങ്ങളുമടക്കം ഇക്കുറി 11 വള്ളങ്ങളാണ് മത്സരിക്കുന്നത്.
ഇന്നുരാവിലെ ഒമ്പതിന് കുറിച്ചി കരിങ്കളം ക്ഷേത്രത്തിൽനിന്ന് രാജപ്രമുഖൻ ട്രോഫിയും വഹിച്ചുള്ള വിളംബരഘോഷയാത്ര ആരംഭിക്കും. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ചക്കുളത്തുകാവ് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. വൈകിട്ട് 6.30ന് മങ്കൊമ്പിൽ സമാപിക്കും. സമ്മേളനം തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ജലജകമാരി അദ്ധ്യക്ഷത വഹിക്കും. മജീഷ്യൻ വിൽസൺ ചമ്പക്കുളത്തിന്റെ മാജിക് മിസ്റ്റീഷ്യയുമുണ്ടാകും. നാളെ ഉച്ചക്ക് രണ്ടിന് തകഴി ശിവശങ്കരപിള്ള സ്മാരക ഗവ. യു.പി സ്കൂളിൽ കൈകൊട്ടികളിയുടെ ഉദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിക്കും.
ഏഴിന് വൈകീടിട് മൂന്നിന് ചമ്പക്കുളം പോരൂക്കര സെൻട്രൽ സ്കൂളിൽനിന്ന് ആരംഭിക്കുന്ന സാംസ്‌കാരികഘോഷയാത്ര ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ സമാപിക്കും. തുടർന്ന് ചേരുന്ന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വള്ളംകളി രംഗത്തെ പ്രമുഖരെ സിനിമാതാരം പ്രമോദ് വെളിയനാട് ആദരിക്കും. 8ന് വൈകീട്ട് മൂന്നിന് ചമ്പക്കുളം ബസ് സ്റ്റാൻഡിന് സമീപം വഞ്ചിപ്പാട്ട് മത്സരം മുൻ എം.എൽ.എ സി.കെ.സദാശിവൻ ഉദ്ഘാടനം ചെയ്യും.
വാർത്താസമ്മേളനത്തിൽ കുട്ടനാട് തഹസിൽദാർ ഷിബു സി.ജോൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, കെ.ജി.അരുൺകുമാർ, എം.എസ്.ശ്രീകാന്ത്, കെ.വി.മുരളി, അജിത്ത് പിഷാരത്ത്, ജോസഫ് ചാക്കോ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |