വൈത്തിരി: അങ്കണവാടി കെട്ടിടം നിർമ്മിക്കാൻ സ്വന്തം ഭൂമി വിട്ടു നൽകി പഞ്ചായത്ത് പ്രസിഡന്റ്. എം.വി വിജേഷ് ആണ് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാനായി വിട്ടു നൽകിയത്. ഗ്രാമപഞ്ചായത്തിലെ കുന്നത്തുതോട്ടം അങ്കണവാടിക്ക് ഭൂമി കണ്ടെത്താൻ പ്രയാസം നേരിട്ടതോടെയാണ് വിജേഷ് സ്വന്തം ഭൂമി വിട്ടു നൽകിയത്. വർഷങ്ങളോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
ഇതേ തുടർന്നാണ് പിതാവ് എം.ജി വിജയകുമാറിന്റെ ഓർമ്മയ്ക്കായി അങ്കണവാടിക്ക് വേണ്ടി ഭൂമി വിട്ടു നൽകിയത്.
സെന്റിന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന മൂന്നര സെന്റ് ഭൂമിയും അങ്കണവാടിയിലേക്കുള്ള റോഡിന് 2 സെന്റ് ഭൂമിയും വിട്ടു നൽകിയത്. ഭൂമി കഴിഞ്ഞദിവസം രജിസ്റ്റർ ചെയ്തു നൽകി. 20 ലക്ഷം രൂപ ചെലവിൽ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കും. ജൂലൈ 7ന് അങ്കണവാടിക്ക് തറക്കല്ലിടും. കുന്നത്തുതോട്ടം, അമ്പലക്കുന്ന്, കോളിച്ചാൽ 16 എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് അങ്കണവാടിയിലേക്ക് എത്തുക. മൂന്നു മാസത്തിനുള്ളിൽ തന്നെ കെട്ടിടം നിർമ്മിച്ച നാടിന് സമർപ്പിക്കാനാണ് വിജേഷിന്റെ തീരുമാനം. കുന്നത്ത് തോട്ടത്ത് പതിറ്റാണ്ടുകൾ പഴക്കമുള്ള വാടക കെട്ടിടത്തിലാണ് നിലവിൽ അങ്കണവാടി പ്രവർത്തിക്കുന്നത്.
വൈത്തിരി ടൗണിൽ നിന്നും 400 മീറ്റർ മാത്രം മാറിയാണ് കുന്നത്ത് തോട്ടം. ഈ ഭാഗത്ത് ഭൂമിക്ക് ഉയർന്ന വിലയാണ്. ഈ സാഹചര്യത്തിൽ അഞ്ചുവർഷത്തോളമായി അനുയോജ്യമായ ഭൂമി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. തുടർന്നാണ് സ്വന്തം ഭൂമിയിൽ തന്നെ വിട്ടു നൽകിയത്. തന്റെ പിതാവിന്റെ ആഗ്രഹം കൂടിയാണ് യാഥാർത്ഥ്യമാകുന്നതെന്നും വിജേഷ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |