സുൽത്താൻ ബത്തേരി: കാഴ്ച്ചക്കാരുടെ മനംകുളിർപ്പിച്ച് സുൽത്താൻ ബത്തേരി സർവ്വജന സ്‌കൂളിന്റെ ഫ്ളവർ വാൾ.
'മനോഹരമായ റെഡ് ജാഡ് വൈൻ പൂത്തുലഞ്ഞതാണ് സ്‌കൂളിന് ഫ്ളവർ വാൾ ഒരുക്കിയിരിക്കുന്നത്. ചുറ്റുമതിലിൽ പൂക്കൾ വിരിഞ്ഞ് തൂങ്ങി കിടക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഇതോടെ കാമ്പസ് പൂക്കളുടെ കാമ്പസായി മാറി. സർവ്വജനയിലെ ഹയർസെക്കൻഡറി സ്‌കൂളിനുമുന്നിൽ തീർത്ത സുരക്ഷ വേലിയാണ് ഇപ്പോൾ ഫ്ളവർവാളായി മാറിയിരിക്കുന്നത്. സ്‌കൂളിനും ഗ്രൗണ്ടിനുമിടയിൽ തീർത്ത സുരക്ഷ വേലിയിലാണ് റെഡ് ജാഡ് വൈൻ കയറ്റി വിട്ടത്. ഇത് പടർന്നുകയറി പുത്തുലഞ്ഞതോടെ മനോഹരകാഴ്ചയാണ് സമ്മാനിക്കുന്നത്. രണ്ടാഴ്ച മുമ്പ് പൂവിട്ട ജാഡ് വൈൻ മഴയിൽ കൊഴിയാതെ അരുണവർണം നിറച്ചാണ് ഇപ്പോഴും നിൽക്കുന്നത്. ഇതിന്റെ ചുവട്ടിൽ വിദ്യാർത്ഥികളും അദ്ധ്യാപകരുമെല്ലാമെത്തി ഇതിന്റെ മനോഹാരിത മൊബൈലിൽ പകർത്തുന്നുണ്ട്. നഗരസഭ സുരക്ഷയ്ക്കായി മൂന്നര ലക്ഷം രൂപമുടക്കിയാണ് പന്ത്രണ്ട് അടി വീതിയിലും 30 മീറ്റർ നീളത്തിലുമുള്ള ഇരുമ്പുവേലി തീർത്തത്. അത് സുരക്ഷയെന്നതിനുപുറമെ അദ്ധ്യാപകരും പി.ടി.എയും വിദ്യാർത്ഥികളുമെല്ലാം ചേർന്ന് ഫ്ളവർ വാളാക്കി മാറ്റുകയായിരുന്നു. ഇതിനുപുറമെ ബ്ലു ജാഡ് വൈൻ, വിവിധ നിറത്തിലുള്ള ബോഗൺ വില്ല, ചെമ്പരത്തി, എസ്റ്റർഡേ റ്റുഡെ, റ്റുമാറോ, ശംഖുപുഷ്പം, ചൈനീസ് ഫ്ളിഞ്ച്, ക്വാന്റസ്, യെല്ലോ ക്രീപ്പർ തുടങ്ങി 22 ഇനം മറ്റിനം ചെടികളും ഇവിടെ നട്ടിട്ടുണ്ട്. കൂടാതെ ആശോക ചെത്തിയും സ്‌കൂളിനുമുന്നിൽ കാഴ്ചയൊരുക്കി നിൽക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |