റാന്നി : പെരുന്തേനരുവിക്ക് പ്രകൃതി നൽകുന്ന വശ്യത അടുത്തറിയാനും, ടൂറിസം പദ്ധതിക്ക് പുതിയ മാനംനൽകുന്നതുമായ ഗ്ലാസ് ബ്രിഡ്ജിനുള്ള ഡി.പി.ആർ തയ്യാറാകുന്നതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ഗ്ലാസ് പാലം ഉൾപ്പെടെയുള്ള ടൂറിസം പദ്ധതികൾക്ക് ഏഴ് കോടി രൂപയാണ് സംസ്ഥാന സർക്കാർ നീക്കി വച്ചിരിക്കുന്നത്. നവകേരള സദസിൽ എം.എൽ.എ ഉന്നയിച്ച ആവശ്യപ്രകാരമാണ് പുതിയ പദ്ധതിക്ക് തുക അനുവദിച്ചത്. ഇതോടൊപ്പം വെച്ചൂച്ചിറ , നാറാണംമൂഴി പഞ്ചായത്തുകളുടെ കരകളിൽ കുട്ടികളുടെ പാർക്ക്, സവിശേഷതയുള്ള ശില്പങ്ങൾ, കഫ്റ്റേരിയ എന്നിവ സജ്ജമാക്കും. ഇതിനായി സ്ഥലം ലഭ്യമാക്കുന്നതിന് പഞ്ചായത്തിനോടും മേജർ ഇറിഗേഷൻ റവന്യൂ വകുപ്പ് അധികൃതരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷിതത്വത്തിനുള്ള നടപടികളും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നദിയുടെ മദ്ധ്യത്തിലുള്ള തുരുത്ത് റവന്യൂ വകുപ്പ് വിട്ടുനൽകുകയാണെങ്കിൽ അവിടെ മനോഹരമായ പാർക്ക് നിർമ്മിക്കും. രണ്ടാംഘട്ടത്തിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉൾപ്പെടെയുള്ള വിനോദോപാധികൾ ഏർപ്പെടുത്താനും ആലോചനയുണ്ട്. ടൂറിസം വകുപ്പിന്റെ ആർക്കിടെക്കിന്റെ നേതൃത്വത്തിലാണ് ഡി പി ആർ തയ്യാറാക്കുന്നത്. അവലോകന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.വി.വർക്കി, സോണിയ മനോജ്, വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ, ഗ്രേസി തോമസ്, സിറിയക് തോമസ്, എസ്.രമാദേവി, ടി.കെ.ജെയിംസ്, ആർ.വരദരാജൻ എന്നിവർ പങ്കെടുത്തു.
ഗ്ലാസ് ബ്രിഡ്ജിലൂടെ മറുകരയിലേക്ക്
വെള്ളച്ചാട്ടത്തിന്റെയും പാറക്കെട്ടുകളിൽ തല്ലിയലച്ചെത്തുന്ന വെള്ളത്തിന്റെയും മനോഹര ഭംഗി അടുത്തുനിന്ന് കണ്ട് ആസ്വദിക്കുന്നതിന് ഗ്ലാസ് ബ്രിഡ്ജ് ഏറെ സഹായകമാകും. വെള്ളച്ചാട്ടം കാണാൻ അടുത്തുപോയി പാറക്കെട്ടുകളിൽ വഴുതി വീണ് ഉണ്ടാകുന്ന അപകട മരണങ്ങളും ഇതുവഴി ഒഴിവാക്കാനാകും. ഗ്ലാസ് ബ്രിഡ്ജിലൂടെ വെള്ളച്ചാട്ടത്തിന് മുകളിലൂടെ പമ്പാനദിക്ക് മറുകരയിലേക്കുളള യാത്ര സാഹസികവും നവ്യവുമാകും. ഇത് അനുഭവിച്ചറിയാൻ ധാരാളം പേർ പെരുന്തേനരുവിയിലേക്ക് എത്തും.
അരുവിയിൽ പൊലിഞ്ഞവർ ഏറെ
ജില്ലയുടെ ടൂറിസം ഭൂപടത്തിൽ മുൻനിരയിലുള്ള പെരുന്തേനരുവി പലപ്പോഴും മരണക്കയമായി മാറുകയാണ്. കൃത്യമായ മുന്നറിയിപ്പ് നൽകാൻ ഗൈഡുകളുംഅപകടത്തിൽപ്പെടുന്നവരെ രക്ഷപെടുത്താൻ ലൈഫ് ഗാർഡുകൾ ഇല്ലാത്തതും വലിയ വീഴ്ചയാകുന്നു. ഇതുവരെ 90 ൽ അധികം ജീവൻ ഇവിടെ പൊലിഞ്ഞതായി പ്രദേശവാസികൾ പറയുന്നു. ഇതിൽ ഏറെയും യുവാക്കളാണ്.
പദ്ധതി ചെലവ് : 7 കോടി
പെരുന്തേനരവി ടൂറിസം വികസനം നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളുടെ വിനോദസഞ്ചാര പദ്ധതികൾക്ക് പുതിയ മാനം സൃഷ്ടിക്കും.
അഡ്വ.പ്രമോദ് നാരായൺ.എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |