കോട്ടയം : കാടിന് നടുവിലൊരു കെട്ടിടം, കൂട്ടിന് പാമ്പും പഴുതാരയും, തലയ്ക്ക് മീതെ ഇളകി വീഴാറായി കോൺക്രീറ്റ് പാളികൾ...എങ്ങനെ സ്വസ്ഥമായി ഇവിടെ കിടന്നുറങ്ങും. ആതുരശുശ്രൂഷയെ ജീവന് തുല്യം സ്‌നേഹിക്കുന്ന ഒരുപറ്റം എം.ബി.ബി.എസ് വിദ്യാർത്ഥികൾ ഇപ്പോൾ തങ്ങളുടെ ജീവൻ അപകടത്തിലാകരുതേ എന്ന പ്രാർത്ഥനയിലാണ്. പക്ഷേ കാണേണ്ടവർ ഇതൊന്നും കാണുന്നില്ലെന്ന സങ്കടം അവർക്കുണ്ട്. അന്യജില്ലകളിൽ നിന്നുൾപ്പെടെ 350 പേർ താമസിക്കുന്ന മെഡിക്കൽ കോളേജ് ബോയ്‌സ് ഹോസ്റ്റലാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ വീർപ്പുമുട്ടുന്നത്. 1964 ൽ നിർമ്മിച്ച കെട്ടിടത്തിൽ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. ഒരു മുറിക്കുള്ളിൽ രണ്ടുപേർ എന്ന രീതിയിലായിരുന്നു നിർമ്മാണം. പിന്നീട് എം.ബി.ബി.എസ് സീറ്റ് വർദ്ധിപ്പിച്ചു. രണ്ട് കെട്ടിടങ്ങളിലായി പാരാ മെഡിക്കൽ വിദ്യാർത്ഥികളടക്കമുണ്ട്. പ്രദേശം കാടുമൂടിയതിനാൽ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. ഒന്നാം നിലയിൽ താമസിക്കുന്നവരാണ് ഏറെ ദുരിതത്തിൽ. ജനൽപ്പാളികൾ തകർന്ന ഭാഗത്ത് കാട് നിറഞ്ഞ സ്ഥിതിയാണ്. കെട്ടിടങ്ങൾക്ക് മുകളിലും ഭിത്തികളിലും മുറികൾക്കുള്ളിലും മരങ്ങൾ വളർന്ന് നിൽക്കുകയാണ്. മെസിലെ ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങൾ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമാണ്.
കുടുസ് മുറിയിൽ ശ്വാസംമുട്ടി
ഒരു മുറിക്കുള്ളിൽ അഞ്ചും ആറും പേരാണ് താമസിക്കുന്നത്. എന്നാൽ സൗകര്യങ്ങൾ തീരെയില്ല. കുടുസ് മുറിയിൽ തീരാദുരിതമാണെന്ന് പലരും പറയുന്നു. സൗകര്യങ്ങളില്ലാത്തതിനാൽ പല റൂമുകളും ഉപയോഗശൂന്യമായി കിടക്കുകയാണ്. വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ ഒന്നാം വർഷ വിദ്യാർത്ഥികളും സീനിയേഴ്‌സും ഒരുമിച്ചാണ് താമസിക്കുന്നത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് സിമന്റ് പാളി അടർന്ന് വീണ് വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതും നിത്യസംഭവാണ്. കെട്ടിടത്തിന്റെ ബലക്ഷയവും ആശങ്ക ഉയർത്തുന്നു.
റൂഫിംഗ് പൊളിഞ്ഞു വീണിട്ടും
ചില മുറികളും ടോയ്‌ലെറ്റുകളും അപകടാവസ്ഥയിലായതിനാൽ അടച്ചിട്ട നിലയിലാണ്. സ്വിച്ച് ബോർഡുകളിൽ നിന്ന് വൈദ്യുതാഘാതം ഏൽക്കാറുണ്ടെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഒരു വർഷം മുമ്പ് വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്ത് ടോയ്ലെറ്റിലെ റൂഫിംഗ് പൊളിഞ്ഞു വീണു.
''മെഡിക്കൽ കോളേജ് - ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും നടപടിയില്ല. മറ്റൊരു ദുരന്തത്തിന് കാത്ത് നിൽക്കാതെ, പുതിയ ഹോസ്റ്റൽ സൗകര്യം അനുവദിച്ച് ജീവന് സംരക്ഷണം നൽകണം.
-(മെഡിക്കൽ വിദ്യാർത്ഥികൾ)
350 പേർ താമസം
കെട്ടിടം നിർമ്മിച്ചത് : 1964
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |