നീലേശ്വരം: ഭക്ഷ്യ എണ്ണയിലുണ്ടായ വൻവർദ്ധനവ് ബേക്കറി വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. കൂട്ടത്തിൽ വെളിച്ചെണ്ണയിലുണ്ടായ വർദ്ധനവാണ് പ്രധാനമായും പ്രതിസന്ധിയിലാക്കിയത്. ലിറ്ററിന് 220 മുതൽ 250 രൂപയുണ്ടായിരുന്ന വെള്ളിച്ചെണ്ണയ്ക്ക് ഇപ്പോൾ പൊതു വിപണിയിൽ 400 മുതൽ 420 വരെയാണ്.ബേക്കറികളിൽ ഒട്ടുമിക്ക ഉത്പ്പനങ്ങൾക്കും കൂടുതലും വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്
പാമോയിൽ അടക്കമുള്ള ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 27.5 ശതമാനമായി കേന്ദ്രസർക്കാർ കൂട്ടിയതിന് പിന്നാലെയാണ് എണ്ണ വില കുതിച്ചുയർന്നത്. ആഭ്യന്തര ഉത്പാദകർക്ക് ഗുണമാണെങ്കിലും പാമോയിൽ ഉൾപ്പെടെയുള്ള ഭക്ഷ്യ എണ്ണകൾ ഉപയോഗിച്ച് പലഹാരങ്ങൾ തയാറാക്കുന്ന ബേക്കറി ഉടമകൾക്ക് ഇത് ഇരുട്ടടിയാണ്.
ബേക്കറികളിൽ വേറെയും പ്രശ്നങ്ങൾ
എണ്ണവിലയ്ക്ക് പുറമെ മൈദ, മുട്ട, പ്രകൃതിദത്ത കളർ എന്നിവയുടെ വിലകളിലും വലിയ ഉയർച്ചയാണ് വന്നിട്ടുള്ളത്. മൈദ വില 50 കിലോ ചാക്കിന് 250 രൂപയോളം വർദ്ധിച്ചു. മുട്ടവില 3.50ൽ നിന്നും ആറര രൂപയോളം ഉയർന്നു. പപ്സ്, കേക്ക് എന്നിവയുടെ നിർമ്മാണത്തെ ഇത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വില കൂട്ടുക മാത്രമാണ് മാർഗമെന്ന് ബേക്കറി ഉടമകൾ പറയുന്നു. എന്നാൽ ഇത് കച്ചവടം ഗണ്യമായി കുറക്കുമെന്നാണ് കച്ചവടക്കാരുടെ ആശങ്ക. ഇതിനകം ചിപ്സ്, ഹൽവ എന്നിവയ്ക്ക് ചെറിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ട്.നാല് മാസം മുൻപ് 340 രൂപയുണ്ടായിരുന്ന വറുത്ത കായയ്ക്ക് 500 രൂപയായി. ഹൽവയ്ക്ക് നൂറ്റമ്പതിൽ നിന്ന് 200 രൂപയിലേക്കും വർദ്ധിച്ചിട്ടുണ്ട്. മിക്സർ, ഉണ്ണിയപ്പം, മസാല കടല, കൂന്തി തുടങ്ങിയവയെല്ലാം വെളിച്ചെണ്ണയിലാണ് ഉണ്ടാക്കുന്നത്.
അസംസ്കൃതവസ്തുക്കളുടെ വില കുത്തനെ വർദ്ധിച്ചതിന് ബേക്കറി വ്യവസായത്തെ പിടിച്ചുനിർത്താൻ കഴിയാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുകയാണ്. എണ്ണകൾക്ക് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതാണ് വ്യവസായത്തെ പ്രധാനമായും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. അസോസിയേഷൻ തീരുമാനപ്രകാരം ഉൽപ്പന്നങ്ങൾക്ക് പ്രകൃതി ദത്ത നിറങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇതിനും വില ഇരട്ടിച്ചു. മുട്ടയുടെ ഇരട്ടിയോളമായി. വില വർദ്ധിപ്പിക്കാതെ വ്യവസായം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ്. അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാൻ സർക്കാർ തയ്യാറാവണം- ബേക്കേഴ്സ് അസോസിയേഷൻ കാസർകോട് ജില്ല ഓർഗനൈസിംഗ് സെക്രട്ടറി വി.ടി കിഷോർ കുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |