വെള്ളറട: കെട്ടിട നിർമ്മാണ മേഖലയിലെ തൊഴിലാഴികൾ ജോലിയില്ലാതെ വലയുന്നു. തമിഴ്നാട്ടിൽ നിന്നും കെട്ടിട നിർമ്മാണത്തിനാവശ്യമായ പാറപ്പൊടിയും മെറ്റലും വരവ് നിലച്ചതോടുകൂടിയാണ് അതിർത്തി ഗ്രാമങ്ങളിൽ നിർമ്മാണ മേഖലയിൽ കടുത്ത പ്രതിസന്ധിക്ക് ഇടയാക്കിയത്. തമിഴ്നാട്ടിനെ ആശ്രയിച്ചാണ് അതിർത്തി ഗ്രാമങ്ങളിലെ നിർമ്മാണ മേഖല പ്രവർത്തിച്ചിരുന്നത്. ജില്ലയിലെ നിരവധി ക്വാറികളുടെ പ്രവർത്തനം നിലച്ചതോടുകൂടി തമിഴ്നാട്ടിൽ നിന്നും അമിതവില നൽകിയാണ് ഗുണഭോക്താക്കൾ സാധനങ്ങൾ ഇറക്കിയിരുന്നത്.
തമിഴ്നാട്ടിൽ നിന്നും പുറത്തുകൊണ്ടുപോകുന്നതിന് കർശന നിയന്ത്രണവും ഓൺലൈൻ രജിസ്ട്രേഷനും ഏർപ്പെടുത്തിയതോടുകൂടി നൂറുകണക്കിന് പാറപ്പൊടിയും മെറ്റലും കയറ്റിയ വാഹനങ്ങൾ അതിർത്തി കടന്ന് വന്നുകൊണ്ടിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു വാഹനം പോലും സാധനങ്ങളുമായി എത്തുന്നില്ല. തമിഴ്നാട് അതിർത്തിയിലുള്ള സ്വകാര്യ ഗോഡൗണുകളിൽ പോലും സാധനങ്ങൾ ലഭിക്കുന്നില്ല.
നിയന്ത്രണം ഏർപ്പെടുത്തി
നേരത്തെ അമിതവില നൽകിയാൽ ഉപഭോക്താക്കൾക്ക് അതിർത്തി ഗോഡൗണുകളിൽ നിന്നും വാങ്ങാമായിരുന്നു. വീടിന്റെ അസ്തിവാര നിർമ്മാണത്തിന് പാറ ലഭിക്കാതെയായതോടെ പലരും കോൺക്രീറ്റ്കൊണ്ടാണ് നിർമ്മിക്കുന്നത്. ഇപ്പോൾ ഇതിനുപോലും കഴിയാത്ത സാഹചര്യമാണ്. നൂറുകണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. സർക്കാർ ഈ മേഖലയിൽ കാര്യമായ ഇടപെടൽ നടത്തിയാൽ മാത്രമേ തൊഴിലാളികൾക്ക് ജോലി ലഭിക്കുകയുള്ളുവെന്നാണ് അവസ്ഥ. തമിഴ്നാട് കർശന നിയന്ത്രണം തുടർന്നാൽ നിർമ്മാണ മേഖല പൂർണമായും സ്തംഭനത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |