കണ്ണൂർ:ഈയിടെ പുറത്തിറക്കിയ ഇ കാർഡ് മുതൽ തുടക്കക്കാലത്തെ കാർബൺ കട്ടിംഗ് വരെയായി ആലക്കോടുകാരൻ നോബി കുര്യാലപ്പുഴയുടെ പക്കൽ കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റ് ചരിത്രം തന്നെയുണ്ട്.
ആനവണ്ടിയുടെ ചരിത്രത്തെ തൊട്ടറിയാനുള്ള അവസരം കൂടിയാണ് ഈ അമ്പത്തിയൊന്നുകാരൻ
ശേഖരിച്ചുവച്ചിരിക്കുന്നത്.
ഇന്നത്തെ തലമുറയ്ക്ക് ഒരിക്കലും കാണാൻ സാധിക്കാത്ത അപൂർവ്വ ഇനം ടിക്കറ്റുകളാണ് ഇദ്ദേഹം ഫയലുകളിലാക്കിയിട്ടുള്ളത്. സ്കൂൾ പഠനകാലത്ത് കൗതുകത്തിന് വേണ്ടി മാത്രം തുടങ്ങിയ ശേഖരം ഇത്രയും ഭൃഹത്താകുമെന്നും സൂക്ഷിക്കുന്നതിലൂടെ താൻ കൂടി ചരിത്രത്തിന്റെ ഭാഗമാകുമെന്നും അന്ന് ചിന്തിച്ചിരുന്നില്ലെയെന്നും നോബി പറയുന്നു. കൗതുകം പിന്നീട് വളരുകയും ഓരോന്നിനെ പറ്റി പഠിക്കുകയും
ചെയ്തു. സൂക്ഷിക്കുന്നതിന് പുറമെ എല്ലാ ടിക്കറ്റുകളുടെ ചരിത്രവും ഈ കൃഷിക്കാരൻ നടത്തിയിട്ടുണ്ട്.ഇവയിൽ പലതും നോബി തന്നെ യാത്രചെയ്ത് സ്വന്തമാക്കിയവയാണ് എന്നതും കൗതുകകരമാണ്.മറ്റ് ചിലവ ഒരുപാട് അന്വേഷിച്ച് കണ്ടെത്തിയതാണ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ഇ കാർഡ് നിലവിൽ തിരുവനന്തപുരത്ത് മാത്രമാണുള്ളത്. ഒരു സുഹൃത്ത് മുഖേന അതും കരസ്ഥമാക്കി തന്റെ ശേഖരത്തിൽ ഉൾപ്പെടുത്തുകയായിരുന്നു.
ശേഖരത്തിലുണ്ട് അണ പൈ ടിക്കറ്റും
സ്വാതന്ത്ര്യത്തിന് മുമ്പുണ്ടായിരുന്ന അണ പൈസയുടെ ടിക്കറ്റുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇതിന് പുറമെ മിനിമം ചാർജ് ഒരു രൂപയായതു മുതലുള്ള ടിക്കറ്റുകൾ, അതിനു മുമ്പെയുള്ള ടിക്കറ്റുകൾ, വിവിധറിസർവേഷൻ ടിക്കറ്റുകൾ, അന്തർസംസ്ഥാന ടിക്കറ്റുകൾ തുടങ്ങി കർണ്ണാടക, തമിഴ് നാട്, ആന്ധ്രപ്രദേശ്. ഡൽഹി, ഗോവ എന്ന് തുടങ്ങി ഏഴിലേറെ സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് സംവിധാനങ്ങളിലെ ടിക്കറ്റുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഭദ്രമാണ്.
ഒരു രൂപയുടെ ട്രെയിൻ ടിക്കറ്റും
ഒരു രൂപയുടെ പഴയകാല ട്രെയിൻ ടിക്കറ്റുകളും നോബിയുടെ ശേഖരത്തിലുണ്ട്. ടെലിഫോൺ ബൂത്ത് ബില്ലുകളും ആദ്യമായി തനിക്ക് ലഭിച്ച ടെലിഫോൺ ബില്ലും ഇദ്ദേഹം സൂക്ഷിച്ചുവച്ചിട്ടുണ്ട്. എല്ലാത്തിനും പുറമെ നാണയത്തിന്റെയും അപൂർവ്വയിനം സ്റ്റാമ്പുകളുടെയും ശേഖരവും നോബിയ്ക്ക് സ്വന്തമാണ്. ഭാര്യ നെസി സ്കറിയയും, മക്കളായ ക്രിസ്റ്റൽ, നെൽബിൻ എന്നിവരും നോബിയ്ക്ക് പൂർണ പിൻതുണയുമായി കൂടെയുണ്ട്.
സ്കൂൾ പഠനകാലത്ത് കൗതുകമായിരുന്നു പിന്നീടാണ് ഇതൊക്കെ ചരിത്രത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കുന്നത്. പുതിയ തലമുറയ്ക്ക് കാണാൻ പറ്റാത്ത അപൂർവ്വ ശേഖരം കൂടിയാണ് ഇവ- നോബി കാര്യാലപ്പുഴ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |