പാലക്കാട്: ജില്ലയിൽ തച്ചനാട്ടുകരയിൽ ഒരാൾക്ക് നിപ സ്ഥീരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. നിപപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ 24 മണിക്കൂർ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഗവ. മെഡിക്കൽ കോളേജ് ഡോക്ടർമാർ ജില്ലയിലെ പ്രധാന സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പിലെ മേധാവികൾ ഉൾപ്പെടുന്ന 26 അംഗ കമ്മിറ്റി പ്രതിരോധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ചിട്ടുണ്ട്. 110 പേർ നിരീക്ഷണത്തിലാണ്. മരുന്നുകൾ, പി.പി. ഇ കിറ്റ് മറ്റ് അവശ്യവസ്തുക്കളുടെ സ്‌റ്റോക്ക് വിലയിരുത്തിയിട്ടുണ്ട്. 40 ബെഡുകൾ ഉൾപ്പെടുന്ന ഐസോലേഷൻ യൂണിറ്റ് ഗവ. മെഡിക്കൽ കോളേജ് പാലക്കാട് സജ്ജീകരിച്ചിട്ടുണ്ട്. ഡോക്ടർമാർ, നേഴ്സിംഗ് ഓഫീസർമാർ , ആരോഗ്യ പ്രവർത്തകർക്ക് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട പരീശീലനങ്ങൾ നൽകിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും കണ്ടെയ്ൻമെന്റ് സോണുകളിലെ പ്രത്യേക നിയന്ത്രണങ്ങൾ പാലിക്കേണ്ടതുമാണ്. സോണുകളിലുള്ളവർ അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ എൻ 95 മാസ്‌ക് ധരിക്കണം. പ്രദേശങ്ങളിൽ താമസിക്കുന്നവർക്കിടയിൽ പനി, മറ്റ് ശ്വാസതടസ്സം , മാനസിക വിഭ്രാന്തി, ബോധക്ഷയം എന്നിവയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അടുത്തുള്ള ആശുപത്രി സേവനങ്ങൾ സ്വീകരിക്കണം. സംശയങ്ങൾ സാധൂകരിക്കാനായി കൺട്രോൾ റൂം നമ്പറിലേക്ക് 04912504002 വിളിക്കാവുന്നതാണ്. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതും അവയെ ഭയപ്പെടുത്തി ഓടിക്കുവാൻ ശ്രമിക്കുന്നതും ഒഴിവാക്കണമെന്നും നിപ പ്രതിരോധത്തിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, മറ്റ് കൊതുകു ജന്യരോഗങ്ങൾ എന്നിവയ്ക്കെതിരെ ജാഗ്രത തുടരണമെന്നും കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |